നിതീഷ് കുമാൻ മാൻ ഓഫ് ദ മാച്ച്
ബംഗ്ലാദേശിനെതിരേയുള്ള ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ 86 റൺസിന് തോൽപിച്ചതോടെയായിരുന്നു ഇന്ത്യ പരമ്പര നേടിയത്. ആദ്യ മത്സരത്തിൽ ഏഴു വിക്കറ്റിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ 86 റൺസിനായിരുന്നു വെന്നിക്കൊടി പാറിച്ചത്. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു.
മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണ് നേടിയത്. ടോപ് ഓർഡറിൽ ഇന്ത്യൻ ബാറ്റർമാർ പരാജയമായെങ്കിലും മധ്യനിര മികച്ച പ്രകടനം പുറത്തെടുത്തതോടെയായിരുന്നു ഇന്ത്യ മെച്ചപ്പെട്ട സ്‌കോർ കണ്ടെത്തിയത്. ഓപണർ സഞ്ജു സാംസൺ ഏഴു പന്തിൽ പത്തു റൺസ് നേടിയപ്പോൾ കൂട്ടിനുണ്ടായിരുന്ന അഭിഷേക് ശർമ 11 പന്തിൽ 15 റൺസുമായിട്ടാണ് മടങ്ങിയത്.
ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് രണ്ടക്കം കാണാൻ കഴിഞ്ഞില്ല. 10 പന്തിൽ എട്ടു റൺസാണ് സൂര്യ കുമാർ നേടിയത്. നാലാമനായി എത്തിയ നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 34 പന്തിൽ 74 റൺസ് നേടിയ താരം സ്‌കോർ ബോർഡിലേക്ക് മികച്ച സംഭാവന നൽകി. കൂട്ടിനുണ്ടായിരുന്ന റിങ്കു സിങ്ങും മെച്ചപ്പെട്ട സംഭാവനയാണ് നൽകിയത്. 29 പന്തിൽ 53 റൺസാണ് റിങ്കു സിങ്ങിന്റെ സമ്പാദ്യം.
19 പന്തിൽ 32 റൺസുമായി ഹർദിക് പാണ്ഡ്യയും മികച്ചുനിന്നു. ആറു പന്തിൽ നിന്ന് രണ്ട് സിക്‌സർ ഉൾപ്പെടെ 15 റൺസാണ് റിയാൻ പരാഗ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന്റെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്ത്തിയ ഇന്ത്യ പത്ത് ഓവർ പൂർത്തിയായപ്പോൾ തന്നെ വിജയം പ്രതീക്ഷിച്ചിരുന്നു. 33 പന്തിൽ 38 റൺസെടുത്ത് ഔട്ടാകാതെ നിന്ന മുഹമ്മദുള്ളയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ.
ക്യാപ്റ്റൻ നജ്മുനിൽ ഹുസൈൻ ഷാന്റോ 11 റൺസ് നേടിയപ്പോൾ ലിറ്റൻ ദാസ് 14 റൺസും പർവേസ് ഹുസൈൻ 16 റൺസുമാണ് നേടിയത്. വരുൺ ചക്രബർത്തിയും നിതീഷ് കുമാറും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ അർഷ്ദീപ് സിങ്, വാഷിങ്ടൺ സുന്ദർ, അഭിഷേക് ശർമ, മായങ്ക് യാദവ്, റിയാൻ പരാഗ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ മൂന്നാം മത്സരം ശനിയാഴ്ച നടക്കും.