സന്തോഷ് ട്രോഫിയിൽ ക്വാർട്ടർ ഫൈനലുറപ്പിച്ച കേരളം ഇന്ന് ഡൽഹിക്കെതിരേ കളത്തിലിറങ്ങുന്നു. ആദ്യ മൂന്ന് മത്സരത്തിൽ ജയം സ്വന്തമാക്കിയ കേരളം നേരത്തെ തന്നെ ക്വാർട്ടർ ഉറപ്പിച്ചിരുന്നതിനാൽ ഇന്നത്തെ മത്സരത്തിൽ കേരളത്തിന് സമ്മർദമില്ലാതെ കളിക്കാനാകും. രാത്രി 7.30നാണ് മത്സരം. ആദ്യ മത്സരത്തിൽ ഗോവക്കെതിരേ 4-3ന്റെ ജയം നേടിയ രണ്ടാം മത്സരത്തിൽ മേഘാലയയെയാണ് തോൽപ്പിച്ചത്.
എതിരില്ലാത്ത ഒരു ഗോളിനായിരുന്നു രണ്ടാം മത്സരത്തിൽ കേരളത്തിന്റെ ജയം. മൂന്നാം മത്സരത്തിൽ ഒഡിഷയെ തോൽപ്പിച്ചതോടെയായിരുന്നു കേരളം ക്വാർട്ടർ ഉറപ്പിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് മൂന്നാം മത്സരത്തിലെ ജയം. മൂന്ന് മത്സരത്തിൽനിന്ന് ഒൻപത് പോയിന്റ് നേടിയ കേരളമാണ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. മൂന്ന് മത്സരത്തിൽനിന്ന് ആറു പോയിന്റുള്ള ഡൽഹി രണ്ടാം സ്ഥാനത്തുമുണ്ട്.
മൂന്ന് മത്സരം കളിച്ച ഡൽഹി രണ്ട് മത്സരത്തിലാണ് ജയിച്ചത്. ടേബിൾ ടോപ്പറായി ക്വാർട്ടറിൽ പ്രവേശിക്കുക എന്നതാണ് ഇനി കേരളത്തിനും ഡൽഹിക്കും മുന്നിലുള്ള ലക്ഷ്യമെന്നതിനാൽ ഇന്നത്തെ മത്സരം കടുത്തതാകുമെന്നുറപ്പാണ്. ഗ്രൂപ്പ്ഘട്ടത്തിലെ എല്ലാ മത്സരത്തിലും ജയിക്കാനുറച്ചാണ് ബിബിൻ തോമസും സംഘവും ഇറങ്ങുന്നത്. നിലവിൽ ടീമിൽ ആർക്കും പരുക്കില്ലാത്തതിനാൽ മികച്ച ടീമിനെതന്നെ കളത്തിലറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പരിശീലകൻ വ്യക്തമാക്കി.
ഇതുവരെ വിവിധ താരങ്ങളെ ഉപയോഗിച്ചായിരുന്നു ആദ്യ ഇലവൻ ഉണ്ടാക്കിയിരുന്നത്. ഇന്നത്തെ മത്സരത്തിൽ ഡൽഹിയുടെ താരങ്ങളെയും ടീം ഘടനെയേയും അനുസരിച്ചായിരിക്കും ആദ്യ ഇലവൻ പ്രഖ്യാപിക്കുകയെന്ന് പരിശീലകൻ ബിബി തോമസ് വ്യക്തമാക്കി. ഇന്ന് രാവിലെ ഒൻപതിന് നടക്കുന്ന മത്സരത്തിൽ തമിഴ്നാട് ഒഡിഷയെ നേരിടും.
മൂന്ന് മത്സരത്തിൽനിന്ന് ഒരു പോയിന്റ് മാത്രമുള്ള തമിഴ്നാടിന്റെ പ്രതീക്ഷകൾ അവസാനിച്ചിട്ടുണ്ട്. അഞ്ചാം സ്ഥാനത്തുള്ള ഒഡിഷക്കും സാധ്യതകൾ അകലെയാണ്. ഉച്ചക്ക് 2.30ന് നടക്കുന്ന മത്സരത്തിൽ ഗോവയും മേഘാലയയും തമ്മിലാണ് മത്സരം. മൂന്നാം സ്ഥാനത്തുള്ള മേഘാലയയും നാലാം സ്ഥാനത്തുള്ള ഗോവയും ഇനിയുള്ള മത്സരങ്ങളിൽ ജയിച്ച് ക്വാർട്ടർ ഉറപ്പിക്കാൻ വേണ്ടിയാകും കളത്തിലിറങ്ങുന്നത്.
മൂന്ന് മത്സരത്തിൽനിന്ന് ഒരോന്ന് വീതം ജയം, തോൽവി, സമനില എന്നിവയാണ് മേഘാലയക്കുള്ളത്. മൂന്ന് മത്സരത്തിൽനിന്ന് ഒരു ജയം രണ്ട് തോൽവി എന്നിവയുള്ള ഗോവയും ജയപ്രതീക്ഷയിലാണ് എത്തുന്നത്.
സർവീസസിനും കശ്മീരിനും ജയം
സന്തോഷ് ട്രോഫിയുടെ ഗ്രൂപ്പ്ഘട്ട മത്സരങ്ങളിൽ ജയം നേടി സർവീസസും ജമ്മുകശ്മീരും. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് രാജസ്ഥാനെയാണ് സർവീസസ് തോൽപ്പിച്ചത്. നാലു മത്സരത്തിൽനിന്ന് ഒൻപത് പോയിന്റുള്ള സർവീസസ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണിപ്പോൾ. മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ജമ്മു കശ്മീർ തെലങ്കാനയെ തോൽപ്പിച്ചു. നാലു മത്സര നാലു പോയിന്റുള്ള ജമ്മു കശ്മീർ പട്ടികയിൽ നാലാം സ്ഥാനത്താണ്.