ഹരിയാനയ്‌ക്കെതിരേ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ സച്ചിൻ ബേബിക്കും മുഹമ്മദ് അസറുദ്ദീനും അർധ സെഞ്ചുറി. ആദ്യ ദിനം രോഹനും അക്ഷയും അർധ സെഞ്ചുറി നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് രണ്ടാംദിനവും കേരളത്തിന്റെ താരങ്ങൾ അർധ സെഞ്ചുറി നേടുന്നത്. 146 പന്തിൽ നിന്ന് രണ്ട് ഫോർ ഉൾപ്പെടെ ക്യാപ്റ്റൻ സച്ചിൻ ബേബി 52 റൺസെടുത്തപ്പോൾ മുഹമ്മദ് അസറുദ്ദീൻ 74 പന്തിൽ നിന്നാണ് മൂന്ന് ഫോറും മൂന്ന് സിക്‌സും ഉൾപ്പെടെ 53 റൺസ് നേടിയത്. ഇരുവരുടെയും അർധ സെഞ്ചുറിയുടെ മികവിൽ കളി നിർത്തുമ്പോൾ കേരളം എട്ട് വിക്കറ്റ് നഷ്ടത്തിൽ 285 റൺസെന്ന നിലയിലാണ്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെന്ന നിലയിൽ രണ്ടാം ദിനം ഇന്നിങ്‌സ് പുനരാരംഭിച്ച കേരളം ഇരുവരുടെയും ബാറ്റിങ് മികവിലാണ് സ്‌കോർ 250 കടത്തിയത്. ചൗധരി ബൻസി ലാൽ സ്‌റ്റേഡിയത്തിൽ മോശം കാലാവസ്ഥയെ തുടർന്ന് മത്സരം വൈകിയാണ് ആരംഭിച്ചത്. ഇന്നിങ്‌സ് പുനരാരംഭിച്ച കേരളത്തിന് പത്ത് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അക്ഷയ് ചന്ദ്രന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. 59 റൺസെടുത്ത അക്ഷയ്, തുടർന്ന് ക്രീസിലെത്തിയ ജലജ് സക്‌സേന(4), സൽമാൻ നിസാർ(0) എന്നിവരും കംബോജിന്റെ പന്തിലാണ് പുറത്തായത്. സ്‌കോർ 158ൽ എത്തിയപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടമായ കേരളത്തെ കരകയറ്റിയത് ഏഴാമനായി ഇറങ്ങിയ മുഹമ്മദ് അസറുദ്ദീന്റെയും ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും കൂട്ടുകെട്ടായിരുന്നു. ഇരുവരും ചേർന്ന് 71 റൺസ് കൂട്ടിച്ചേർത്തപ്പോൾ കേരളത്തിന്റെ സ്‌കോർ 200 കടന്നു. സ്‌കോർ 232ൽ എത്തിയപ്പോൾ അസറുദ്ദീന്റെ(53) വിക്കറ്റും കേരളത്തിന് നഷ്ടമായി. അസറുദ്ദീൻ പുറത്തായതിന് പിന്നാലെ സച്ചിനും(52) കപിൽ ഹൂഡയ്ക്ക് ക്യാച്ച് നൽകി മടങ്ങി. തുടർന്ന് 15 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ നിതീഷ് എം.ഡിയെയും കേരളത്തിന് നഷ്ടമായി. പിന്നീട് പത്താമനായി ഇറങ്ങിയ ബേസിൽ തമ്പിയുമായി ചേർന്ന് ഷോൺ റോജറാണ് കേരളത്തെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. ഇരുവരും ചേർന്നുള്ള സഖ്യം 38 റൺസ് സ്‌കോർബോർഡിൽ ചേർത്തു. 27 ഓവറിൽ 48 റൺസ് വഴങ്ങി കേരളത്തിന്റെ എട്ട് വിക്കറ്റും വീഴ്ത്തിയത് അൻഷുൽ കംബോജാണ്. വെളിച്ചക്കുറവ് മൂലം കളി നിർത്തുമ്പോൾ ഷോൺ റോജർ(37), ബേസിൽ തമ്പി(4) എന്നിവരാണ് ക്രീസിൽ.