ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചുറി പ്രകടനത്തോടെ മലയാളി താരം സഞ്ജു സാംസണെ വാഴ്ത്തുകയാണ് ക്രിക്കറ്റ്‌ലോകം. ഇതിനിടെ ഒരു ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സഞ്ജുവിന്റെ പിതാവ് സാംസണ്‍ വിശ്വനാഥ്.
ഇന്ത്യയുടെ മൂന്ന് ക്യാപ്റ്റന്മാരും ഒരു കോച്ചും ചേര്‍ന്ന് തന്റെ മകന്റെ 10 വര്‍ഷങ്ങള്‍ നശിപ്പിച്ചുവെന്നാണ് സാംസണ്‍ വിശ്വനാഥ് പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ മുന്‍ നായകരായ മഹേന്ദ്ര സിങ് ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവരെ പേരെടുത്ത് പറഞ്ഞാണ് വിശ്വനാഥിന്റെ വിമര്‍ശനം.
മകന് തുടര്‍ച്ചയായി അവസരം നല്‍കിയത് സൂര്യകുമാര്‍ യാദവും ഗൗതം ഗംഭീറും ആണ്. ഇവര്‍ക്ക് നന്ദിയുണ്ടെന്നും എം എസ് ധോണി, രോഹിത്ത് ശര്‍മ, വീരാട് കോലി എന്നിവര്‍ ക്യാപ്റ്റന്മാരായതോടെ മകനെ തഴഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ദ്രാവിഡ് പരിശീലകനായി വന്നപ്പോഴും സഞ്ജുവിന് അവസരം കിട്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, വിശ്വനാഥിന്റെ പ്രസ്താവനക്കതിരേ മലയാളി കിക്കറ്റ് ആരാധകര്‍ ഒന്നടങ്കം രംഗത്തുവന്നിരിക്കുകയാണ്.
അപക്വമായി പ്രസ്താവനയാണിതെന്നും യുവരാജിന്റെ പിതാവിനെയും ശ്രീശാന്തിന്റെ മാതാവിനെയും അനുകരിക്കരുതെന്നുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ക്രിക്കറ്റ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ഈ പോക്കാണെങ്കില്‍ സഞ്ജുവിന്റെ കരിയര്‍ നശിപ്പിക്കുന്ന അടുത്തയാള്‍ പിതാവായിരിക്കുമെന്നും ചിലര്‍ പറയുന്നു. ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ രോഹിത് തന്നെയാണ് ഇപ്പോഴും ക്യാപ്റ്റന്‍ എന്നിരിക്കെ ഈ പ്രസ്താവന താരത്തിന്റെ ഭാവിയെ ബാധിക്കുമെന്നും ആരാധകര്‍ കണക്കുകൂട്ടുന്നു.
അതേസമയം മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജു ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തം പേരിലാക്കി.അന്തരാഷ്ട്ര ടി20 യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് താരം സ്വന്തം പേരിലാക്കിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ കൂടിയാണ് സഞ്ജു. വെറും 47 പന്തിലാണ് താരം തന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേടിയത്. 107 റണ്‍സ് നേടി സഞ്ജു പുറത്താകുമ്പോള്‍ വെറും 50 പന്തുകളില്‍ നിന്ന് പത്ത് സിക്‌സറുകളാണ് സഞ്ജു നേടിയത്. ഏഴ് ഫോറുകളും താരം നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴിന് 202 റണ്‍സാണ് നേടിയത്. തുടക്കത്തിലേ ഏഴ് റണ്‍സെടുത്ത അഭിഷേക് ശര്‍മയെ നഷ്ടമായെങ്കിലും ഒരറ്റത്ത് വെടിക്കെട്ട് ബാറ്റിങ്ങുമായി സഞ്ജു ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു. 50 പന്തുകളില്‍ 10 സിക്‌സറുകളും ഏഴ് ഫോറുകളും സഹിതമായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. അന്താരാഷ്ട്ര ടി20യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം ഇതോടെ സഞ്ജു സ്വന്തമാക്കി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (17 പന്തില്‍ 21), തിലക് വര്‍മ (18 പന്തില്‍ 33) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ഹര്‍ദിക് പാണ്ഡ്യ(2), റിങ്കു സിങ്(11), അക്‌സര്‍ പട്ടേല്‍ (7) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ദക്ഷിണാഫ്രിക്കക്കായി ജെറാള്‍ഡ് കോയട്‌സീ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 17.5 ഓവറില്‍ 141ല്‍ അവസാനിച്ചിരുന്നു.