ടി20 ലോകകപ്പ്: റിച്ചാർഡ് കെറ്റിൽബറോ തേർഡ് അമ്പയർ
കാത്തുകാത്തിരുന്ന ഒരു ഐസി.സി കിരീടം ടീം ഇന്ത്യയുടെ കൈയകലെയാണ്. ദക്ഷിണാഫ്രിക്കക്കെതീരായ ടി20 ലോകകപ്പ് ഫൈനൽ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി.എന്നാൽ മത്സരത്തിനുള്ള അമ്പയർമാരെ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ ആരാധകർ നിരാശയിലാണ്. കാരണം, മത്സരത്തിലെ മൂന്നാം അമ്പയറുടെ കസേരയിലുള്ളത് റിച്ചാർഡ് കെറ്റിൽബറോ എന്ന ഇംഗ്ലണ്ടുകാരനാണ്. കെറ്റിൽബറോയുടെ ചരിത്രം തന്നെയാണ് ഇന്ത്യൻ ആരാധകരെ ഭയപ്പെടുത്തുന്നത്.കാരണം, 2013ലെ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയതിന് ശേഷം ഇന്ത്യ പുറത്തായ ഐ.സി. സി ടൂർണമെന്റുകളിലെ എല്ലാ നോകൗട്ട് മത്സരങ്ങളിലും കളി നിയന്ത്രിക്കാൻ കെറ്റിൽബറോ ഉണ്ടായിരുന്നു.
2014ലെ ടി20 ലോകകപ്പ് ഫൈനലില്‍ കെറ്റില്‍ബറോയായിരുന്നു അംപയര്‍മാരിലൊരാള്‍. അതുവരെ മികച്ച പ്രകടനം നടത്തിയ ഇന്ത്യ ഫൈനലില്‍ ശ്രീലങ്കയോട് ആറ് വിക്കറ്റിന് തോറ്റു.2015ലെ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തോറ്റപ്പോഴും 2016ലെ ടി20 ലോകകപ്പ് സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനോട് കീഴടങ്ങിയപ്പോഴും അംപയറായി അദ്ദേഹമുണ്ടായിരുന്നു. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനോട് നാണം കെട്ട മത്സരം, അംപയറായി കെറ്റില്‍ബറോയുണ്ടായിരുന്നു.
2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റപ്പോഴും ഓൺ ഫീൽഡിൽ കളി നിയന്ത്രിക്കാൻ കെറ്റിൽബറോ ഉണ്ടായിരുന്നു. അന്നത്തെ മഹേന്ദ്ര സിങ് ധോണിയുടെ റൺഔട്ടും കെറ്റിൽബറോയുടെ മുഖവും ഇന്ത്യൻ ആരാധകർ മറക്കാനിടയില്ല.
ഏറ്റവും ഒടുവിൽ 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലും കെറ്റല്‍ബറോ അമ്പയറായെത്തി. സ്വന്തം നാട്ടിൽ ഓസീസിനോട് നാണം കെടാനായിരുന്നു ഇന്ത്യയുടെ വിധി.
എന്നാല്‍, ഇന്ന് ഓണ്‍ഫീല്‍ഡ് അംപയറായി കെറ്റില്‍ബറോ ഉണ്ടാകില്ലെന്നതാണ് ഇന്ത്യക്ക് ആശ്വാസം.
കെറ്റില്‍ബറോ മൈതാനത്തുണ്ടെങ്കില്‍ ഇന്ത്യ തോല്‍ക്കുമെന്നാണ് ചില ആരാധകർ വിശ്വസിക്കുന്നത്.
ഫൈനലില്‍ ഓണ്‍ഫീല്‍ഡ് അംപയര്‍മാരായി ക്രിസ് ഗഫാനിയും റിച്ചാര്‍ഡ് ഇല്ലിംഗര്‍ത്തും മാച്ച് റഫറിയായി റിച്ചി റിച്ചാര്‍ഡ്‌സനുമാണുള്ളത്. കാണാം നിർഭാഗ്യം ഇന്ത്യക്കാണോ കെറ്റിൽബറോക്കാണോ എന്ന്.