• Home
  • Cricket
  • അങ്ങ് ഡർബനിൽ തുടങ്ങിയ കഥ- വായിക്കാം ക്യാപ്റ്റൻ രോഹിതിന്റെ കഥ
Cricket

അങ്ങ് ഡർബനിൽ തുടങ്ങിയ കഥ- വായിക്കാം ക്യാപ്റ്റൻ രോഹിതിന്റെ കഥ

രോഹിത് ശർമ
Email :174

രോഹിതിന്റെ അരങ്ങേറ്റ കഥ

2007 സെപ്റ്റംബര്‍ 19 ബുധനാഴ്ച. അന്നായിരുന്നു ഡര്‍ബനില്‍ യുവരാജ് നിറഞ്ഞാടിയ ദിനം. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഓവറിലെ ആറ് പന്തുകളും ഗാലറിയിലെത്തിച്ച ആ യുവ രാജാവിനൊപ്പം ഇന്ത്യ മുഴുവന്‍ ഇഗ്ലീഷുകാര്‍ക്ക് മുന്നില്‍ ആനന്ദ നൃത്തമാടിയ ദിവസം.അയാളുടെ ബാറ്റില്‍ നിന്നുയരുന്ന ഓരോ പന്തും നോക്കി ഹര്‍ഷാരവം മുഴക്കിയ കോടിക്കണക്കിന് ഇന്ത്യക്കാരില്‍ ആ സമയം ഇന്ത്യന്‍ ടീമിന്റെ ഡഗ് ഔട്ടിലിരിക്കുന്ന ഒരു പയ്യനുമുണ്ടായിരുന്നു.

പാഡും ഗ്ലൗസുമണിഞ്ഞ് ഏതു സമയവും ക്രീസിലിറങ്ങാന്‍ തയ്യാറായിരിക്കുന്ന ആ ഇരുപതുകാരന്‍ യുവരാജിന്റെ വെടിക്കെട്ട് ആവോളം ആസ്വദിച്ചു. അന്താരാഷ്ട്ര ടി20 യിലെ അവന്റെ ആദ്യ മത്സരമായിരുന്നു അത്.പില്‍ക്കാലത്ത് ടി20 ഇതിഹാസമായി മാറിയ രോഹിത് ഗുരുനാഥ് ശര്‍മ്മയുടെ അരങ്ങേറ്റ മത്സരം. ബാറ്റിംഗിനിറങ്ങാന്‍ അവസരം ലഭിച്ചില്ലെങ്കിലും 18 റണ്‍സിന് ഇംഗ്‌ളീഷുകാരെ കീഴടക്കി അരങ്ങേറ്റ മത്സരത്തില്‍ വിജയിച്ചു കയറാന്‍ അവനായി..

തൊട്ടടുത്ത ദിവസം തന്നെയായിരുന്നു ഇന്ത്യയുടെ അടുത്ത മത്സരം. അതായത് സെപ്റ്റംബര്‍ 20 വ്യാഴാഴ്ച. എതിരാളികള്‍ ഗ്രേം സ്മിത്തിന്റെ സൗത്ത് ആഫ്രിക്ക. കളി തുടങ്ങുന്നതിനു മുമ്പ് തന്നെ ഇന്ത്യക്ക് തിരിച്ചടിയായി ആ വാര്‍ത്ത പുറത്തു വന്നു. കഴിഞ്ഞ മത്സരത്തിലെ ഹീറോ യുവരാജ് സിങ് പരിക്ക് മൂലം കളിക്കാനിറങ്ങില്ല. ദിനേശ് കാര്‍ത്തിക്കായിരുന്നു പകരം ടീമിലിടം പിടിച്ചത്. രോഹിത് ശര്‍മ്മയെന്ന ഇരുപതുകാരന്‍ തന്റെ രണ്ടാം ടി20 മത്സരത്തിനിറങ്ങുന്നു.

ഡര്‍ബനില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ധോണി ബാറ്റിങ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്റെ പ്രതീക്ഷക്ക് മങ്ങലേല്‍പിക്കാതെയായിരുന്നു ഓപ്പണര്‍മാരുടെ തുടക്കം. എന്നാല്‍ അഞ്ചാം ഓവറിന്റെ നാലാം പന്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഷോണ്‍ പൊള്ളോക്കിന്റെ പന്തില്‍ നായകന്‍ ഗ്രേം സ്മിത്ത് പിടിച്ചു ഗൗതം ഗംഭീര്‍ പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് 32 റണ്‍സ്.ഒരു പന്ത് വ്യത്യാസത്തില്‍ മൂന്നാമനായെത്തിയ ദിനേശ് കാര്‍ത്തിക്കും വീണു.

ടി20 യിലെ അരങ്ങേറ്റം

നേരിട്ട ആദ്യ പന്തില്‍ തന്നെ ആല്‍ബി മോര്‍ക്കലിന് ക്യാച്ച് സമ്മാനിച്ചായിരുന്നു സംപൂജ്യനായുള്ള കാര്‍ത്തിക്കിന്റെ മടക്കം.അഞ്ചു ഓവറില്‍ 33ന് രണ്ട് എന്ന ആ അവസ്ഥയിലാണ് നാലാം നമ്പറില്‍ രോഹിത് ഇന്റര്‍നാഷണല്‍ ടി20യില്‍ ആദ്യമായി ബാറ്റുമായെത്തുന്നത്.കൂട്ടിനുള്ളത് 11 റണ്‍സുമായി നില്‍ക്കുന്ന വിരേന്ദര്‍ സേവാഗ്. അടുത്ത ഓവര്‍ എറിയാന്‍ ഗ്രേം സ്മിത്ത് പന്തേല്‍പ്പിച്ചത് വിശ്വസ്ത പേസര്‍ മഖായ എന്റിനിയെ.

സേവാഗിന്റെ ബാറ്റിലുരസിയ ആദ്യ പന്ത് മാര്‍ക്ക് ബൗച്ചറിന്റെ കൈകള്‍ ഭദ്രമായി പിടിച്ചെടുത്തു. ആദ്യമായി ബാറ്റിംഗിനിറങ്ങിയ രോഹിത് ആദ്യ പന്ത് തന്നെ നോണ്‍ സ്‌ട്രൈക് എന്റില്‍ നിന്ന് കാണുന്നത് ഒരു വിക്കറ്റ് ആണ്. അതും സേവാഗിന്റെ. വിക്കറ്റ് നഷ്ടമില്ലാതെ 32 റണ്‍സെടുത്തിരുന്ന ഇന്ത്യ മൂന്നു പന്തുകള്‍ക്കിപ്പുറം 33ന് 3 എന്ന പരിതാപകരമായ നിലയില്‍.

പിന്നീടെത്തിയ റോബിന്‍ ഉത്തപ്പയുമായി ചേര്‍ത്ത 28 റണ്‍സിന്റെ കൂട്ട് കെട്ട് വലിയ വീഴ്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റി. പതിനൊന്നാം ഓവറിന്റെ മൂന്നാം പന്തിലാണ് 16 പന്തില്‍ 15 റണ്‍സുമായി ഉത്തപ്പ മടങ്ങുന്നത്. മോര്‍ണേ മോര്‍ക്കെലിന്റെ പന്തില്‍ സ്മിത്തിന് പിടികൊടുത്തായിരുന്നു ഇന്ത്യയുടെ നാലാം വിക്കറ്റായി ഉത്തപ്പയുടെ മടക്കം.പിന്നീട് രോഹിതിന് കൂട്ടായെത്തിയത് നായകന്‍ ധോണി. 16 പന്തില്‍ 13 റണ്‍സായിരുന്നു അപ്പോള്‍ രോഹിതിന്റെ സമ്പാദ്യം.

ക്രിക്കറ്റ് ലോകം ഉറ്റു നോക്കിയ നിമിഷങ്ങള്‍

വലിയ ഒരു ഉത്തരവാദിത്വമാണ് ആ ഇരുപതുകാരനില്‍ ആ സമയത്ത് വന്ന് ചേര്‍ന്നത്. ടീമിന്റെ ഇന്നിങ്‌സ് പാതി പിന്നിട്ടപ്പോഴേക്ക് നാല് പ്രധാന ബാറ്റര്‍മാര്‍ പവലിയനിയിലെത്തിയിരിക്കുന്നു. ഇനി വരാനുള്ളവരില്‍ പ്രതീക്ഷക്ക് വകയുള്ളത് ഇര്‍ഫാന്‍ പത്താന്‍ എന്ന ഓള്‍ റൗണ്ടറില്‍ മാത്രം. നായകന്‍ ധോണിക്കൊപ്പം അയാള്‍ക്ക് എന്ത് ചെയ്യാനാവുമെന്ന് ക്രിക്കറ്റ് ലോകം ഉറ്റു നോക്കിയ നിമിഷങ്ങള്‍…

അയാള്‍ പതറിയില്ല.. പതിയെ ആക്രമണം തുടങ്ങിയ നായകന് മികച്ച പിന്തുണ നൽകി. ഇടക്ക് നായകനെ കാഴ്ചക്കാരനാക്കി മനോഹരമായ ബൗണ്ടറികള്‍ ആ ബാറ്റില്‍ നിന്ന് പിറന്നു.15 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 97 ആയിരുന്നു. അടുത്ത ഓവര്‍ എറിയാനെത്തിയ ഫിലാണ്ടര്‍ വരിഞ്ഞു മുറുക്കിയപ്പോള്‍ ഇരുവര്‍ക്കും കൂടെ നേടാനായത് നാല് റണ്‍സ്.

ഫലം 16 ഓവറില്‍ 101ന് 4.അടുത്ത ഓവര്‍ എറിയാനെത്തിയത് 2 ഓവറില്‍ വെറും 6 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി നില്‍ക്കുന്ന മോര്‍ണേ മോര്‍ക്കല്‍. എന്നാല്‍ എല്ലാ ഓവറിനുള്ളതും കൂടെ കൊടുത്ത് രോഹിതും ധോണിയും മോര്‍ക്കലിനെ കണക്കിന് ശിക്ഷിച്ചപ്പോള്‍ ആ ഓവറില്‍ പിറന്നത് 18 റണ്‍സ്.അടുത്ത രണ്ട് ഓവറുകളിലായി 20 റണ്‍സ് കൂടെ നേടിയതോടെ. 19 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 139 ലെത്തി.39 പന്തില്‍ 44 റണ്‍സായിരുന്നു അപ്പോള്‍ രോഹിതിന്റെ വ്യക്തിഗത സ്‌കോര്‍.

ആദ്യ ഇന്നിങ്‌സില്‍ അര്‍ദ്ധ സെഞ്ചുറി

അന്താരാഷ്ട്ര ടി 20യിലെ തന്റെ ആദ്യ ഇന്നിങ്‌സില്‍ തന്നെ അര്‍ദ്ധ സെഞ്ചുറിയുടെ വക്കിലെത്തിയിരിക്കുന്നു. അതിനേക്കാള്‍ ഉപരി ഇന്ത്യ 150 കടക്കുമോ എന്ന് ഏവരും ഉറ്റു നോക്കുന്നു. ബാക്കിയുള്ളത് ഒരു ഓവറും.വാന്‍ ഡര്‍ വാത് എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്ത് നേരിട്ടത് നായകന്‍. എന്നാല്‍ ധോണിക്ക് ആ പന്തില്‍ റണ്ണൊന്നും നേടാനായില്ല.അടുത്ത പന്തില്‍ ഡബിളെടുത്ത ധോണി മൂന്നാം പന്തില്‍ ഫോറുമടിച്ചു.

നാലാം പന്ത് ധോണിയുടെ ബാറ്റിലുരസിയ ശേഷം നേരെ വിക്കറ്റ് കീപ്പര്‍ ബൗച്ചറിലേക്ക്. എന്നാല്‍ ബൗച്ചറിന് ആ പന്തിനെ കൈപിടിയിലൊതുക്കാനായില്ല. അതിനിടയില്‍ സിംഗിള്‍ പൂര്‍ത്തിയാക്കി രണ്ടാം റണ്ണിനോടിയ ധോണിക്കും രോഹിതിനും പിഴച്ചു. ഫിലാണ്ടാറുടെ നേരിട്ടുള്ള ത്രോയില്‍ ധോണി റണ്‍ ഔട്ട്.അടുത്ത പന്ത് നേരിട്ടത് ധോണിക്ക് പകരമെത്തിയ ഇര്‍ഫാന്‍ പത്താന്‍.

പന്ത് ബാറ്റില്‍ കൊള്ളിക്കാനായില്ലെങ്കിലും ഇരുവരും കൂടെ ബൈ റണ്‍ ഓടിയെടുത്തു. ഇനി ബാക്കിയുള്ളത് ഒരേ ഒരു ബോള്‍. ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തണമെങ്കില്‍ ഒരു ബൗണ്ടറി നിര്‍ബന്ധം. തന്റെ കന്നി ഇന്നിങ്‌സിന് അര്‍ധ ശതകത്തിന്റെ സുഗന്ധം വേണമെങ്കില്‍ ഒരു സിക്‌സും വേണം.അവസാനം അതു തന്നെ സംഭവിച്ചു. വാന്‍ ഡര്‍ വാതിന്റെ അവസാന പന്ത് ഗാലറിയില്‍ ഫിനിഷ് ചെയ്തു.

അഞ്ചാം ഓവറില്‍ ബാറ്റിംഗിനിറങ്ങിയ രോഹിത് 20 ഓവറും കഴിഞ്ഞ് മടങ്ങുമ്പോള്‍ ടീം ഇന്ത്യയെ 153 എന്ന മികച്ച സ്‌കോറിലെത്തിച്ചിരുന്നു.സെമിയിലേക്ക് കടക്കാന്‍ മറുപടി ബാറ്റിംഗില്‍ 126 റണ്‍സ് മാത്രമെടുത്താല്‍ മതിയായിരുന്നു സൗത്ത് ആഫ്രിക്കക്ക്.എന്നാല്‍ ആര്‍. പി സിംഗിംനും ശ്രീശാന്തിനും മുമ്പില്‍ ആഫ്രിക്കന്‍ മുന്‍ നിര തകര്‍ന്നിടിഞ്ഞു.

കൂട്ടത്തില്‍ ജസ്റ്റിന്‍ കെംപിനെ അതി മനോഹര റണ്‍ ഔട്ടിലൂടെ പുറത്താക്കി രോഹിത് അവിടെയും തന്റെ സാന്നിധ്യം അറിയിച്ചു. വൈകാതെ ഇന്ത്യന്‍ സ്‌കോറിന് 37 റണ്‍സ് അകലെ സൗത്ത് ആഫ്രിക്കന്‍ പോരാട്ടവീര്യം അവസാനിച്ചു.കളിയിലെ താരത്തെ തെരഞ്ഞെടുക്കാന്‍ ആര്‍ക്കും അധികം തലപുകക്കേണ്ടി വന്നിട്ടുണ്ടാവില്ല. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഹിറ്റ് മാന്‍ എന്ന പുതിയ പേരില്‍ അറിയപ്പെട്ട് തുടങ്ങിയ ആ പയ്യൻ തന്നെ നേടി….

വർഷങ്ങൾ കഴിഞ്ഞു.. ആ ഇരുപതുകാരൻ ഇന്ന് മുപ്പത്തിയേഴുകാരനാണ്. 17 വർഷങ്ങൾക്കിപ്പുറം മറ്റൊരു ടി 20 ലോകകപ്പിൽ കൂടെ അയാൾ അങ്കത്തിനിറങ്ങി. നായകനായെത്തി തന്റെ ടീമിനെ ഇന്ന് കലാശപ്പോരിലെത്തിച്ചിരിക്കുന്നു.2007ൽ മഹേന്ദ്ര സിങ് ധോണി കിരീടമുയർത്തിയപ്പോൾ കൂടെയുണ്ടായിരുന്നവൻ,രോഹിത് ഗുരുനാഥ്‌ ശർമ ഇന്ന് തന്റെ ടീമിനെയും കൊണ്ട് ഇന്ത്യൻ ഷെൽഫിലേക്ക് രണ്ടാം ടി20 കിരീടമെത്തിക്കാൻ ദക്ഷിണാഫ്രിക്കയെ നേരിടുകയാണ്. ജയിച്ചു വരൂ…നായകാ…

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts