ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വൻ ജയം. എവേ മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളിന് ഇപ്‌സ്വിച്ച് ടൗണിനെയാണ് സിറ്റി തോൽപ്പിച്ചത്. ഫിൽഫോഡന്റെ ഇരട്ട ഗോളായിരുന്നു സിറ്റിക്ക് കരുത്തായത്. 27, 42 മിനുട്ടുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ. 30ാം മിനുട്ടിൽ മാറ്റിയോ കൊവാസിച്ചും ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ തന്നെ സിറ്റി മൂന്ന് ഗോളിന്റെ ലീഡ് നേടി.
68 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച സിറ്റി 17 ഷോട്ടുകളായിരുന്നു എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ ഒൻപത് ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു. രണ്ടാം പകുതി തുടങ്ങി ഉടൻ തന്നെ സിറ്റി നാലാം ഗോളും നേടി മത്സരത്തിൽ ആധിപത്യം ഊട്ടിയുറപ്പിച്ചു. 49ാം മിനുട്ടിൽ ജെറമി ഡോകുവിന്റെ വകയായിരുന്നു നാലാം ഗോൾ. പിന്നീട് കൃത്യമായ ഇടവേളകളിൽ സിറ്റി പന്ത് ലക്ഷ്യത്തിലെത്തിച്ചുകൊണ്ടിരുന്നു.
മത്സരം പുരോഗമിക്കവെ എർലിങ് ഹാളണ്ടിന്റെ ഗോൾകൂടി വന്നതോടെ സ്‌കോർ 5-0 എന്നായി. 57ാം മിനുട്ടിലായിരുന്നു നോർവീജിയൻ താരത്തിന്റെ ഗോൾ. 69ാം മിനുട്ടിൽ ജെയിംസ് മാക്തെയും സിറ്റിക്കായി ലക്ഷ്യം കണ്ട് സ്‌കോർ 6-0 എന്നാക്കി. 22 മത്സരത്തിൽനിന്ന് 38 പോയിന്റുള്ള സിറ്റി പട്ടികയിൽ നാലാം സ്ഥാനത്താണിപ്പോൾ. 22 മത്സരത്തിൽനിന്ന് 16 പോയിന്റുള്ള ഇപ്‌സ്വിച്ച് ടൗൺ 18ാം സ്ഥാനത്താണുള്ളത്. 25ന് ചെൽസിക്കെതിരേയാണ് സിറ്റിയുടെ ലീഗിലെ അടുത്ത മത്സരം.