ആസ്റ്റൺവില്ല 2 – മാ.സിറ്റി 1
തോൽവിയിൽനിന്ന് കരകയറാനാകാതെ മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ പ്രീമിയർ ലീഗിൽ വില്ലപാർക്കിൽ നടന്ന മത്സരത്തിൽ ആസ്റ്റൺവില്ലയാണ് സിറ്റിയെ തരിപ്പണമാക്കിയത്. 2-1 എന്ന സ്‌കോറിനായിരുന്നു ആസ്റ്റൺ വില്ലയുടെ ജയം. തുടർ തോൽവികളിൽനിന്ന് മോക്ഷം തേടി ജയിക്കാനുറച്ചായിരുന്നു സിറ്റി വില്ല പാർക്കിലെത്തിയത്. എന്നാൽ ഓരോ നീക്കത്തിലും പെപ്പിന്റെ കുട്ടികളുടെ കണക്കുകൂട്ടലുകൾ പിഴക്കുന്നതായിരുന്നു കണ്ടത്.
56 ശതമാനം പന്ത് കൈവശംവെച്ച് കളിച്ച സിറ്റി അക്രമം കടുപ്പിച്ചെങ്കിലും വില്ലയുടെ വലയിലേക്ക് പന്തെത്തിക്കാൻ കഴിഞ്ഞില്ല. മത്സരം പുരോഗമിക്കവെ 16ാം മിനുട്ടിലായിരുന്നു സിറ്റിക്ക് വില്ല ആദ്യ ഷോക്ക് നൽകിയത്. കൗണ്ടർ അറ്റാക്കിൽനിന്ന് ലഭിച്ച പന്ത് ജോൺ ഡുറൻ അനായാസം വലയിലെത്തിച്ചു. ഒരു ഗോൾ വഴങ്ങയതോടെ സിറ്റി ഉണർന്നു കളിച്ചുവെങ്കിലും വില്ലയുടെ പ്രതിരോധം ഉറച്ചുതന്നെ നിന്നു.
ആദ്യ പകുതിയിൽ ഒരുഗോളിന്റെ ലീഡുമായി മത്സരം അവസാനിപ്പിച്ച വില്ല രണ്ടാം പകുതിയിലാരുന്നു രണ്ടാം ഗോൾ നേടിയത്. മോർഗൻ റോജേഴ്‌സിന്റെ വകയായിരുന്നു രണ്ടാം ഗോൾ. രണ്ട് ഗോൾ നേടിയതോടെ മത്സരത്തിൽ മേധാവിത്തം പുലർത്തിയ വില്ല അവസരം കിട്ടുമ്പോഴെല്ലാം കൗണ്ടർ അറ്റാക്കുമായി സിറ്റിയെ വിറപ്പിച്ചുകൊണ്ടിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഫിൽ ഫോഡന്റെ വകയായിരുന്നു സിറ്റിയുടെ ആശ്വാസ ഗോൾ.
17 മത്സരത്തിൽനിന്ന് 28 പോയിന്റുള്ള ആസ്റ്റൺവില്ല അഞ്ചാം സ്ഥാനത്തും 27 പോയിന്റുള്ള സിറ്റി ആറാംസ സ്ഥാനത്തുമാണുള്ളത്.