അൽവാരെസും ഒട്ടാമെൻഡിയും അർജന്റീനൻ ടീമിൽ
കായിക പ്രേമികളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് പാരിസ് ഒളിംപിക്‌സ് വിളിപ്പാടകലെ. ഇനി 8 ദിവസം മാത്രമാണ് ഒളിംപിക്‌സിനുള്ളത്.
ഒളിംപിക്‌സിൽ പങ്കെടുക്കുന്ന ഫുട്‌ബോൾ ടീമുകളെ തീരുമാനിക്കുന്ന നറുക്കെടുപ്പ് പൂർത്തിയായി. 24ന് യൂറോകപ്പ് ചാംപ്യൻമാരായ സ്‌പെയിനും ഉസ്ബക്കിസ്താനും തമ്മിലുള്ള മത്സരത്തോടെയാണ് ഒളിംപിക്‌സിലെ ഫുട്‌ബോൾ മത്സരങ്ങൾക്ക് തുടക്കമാകുന്നത്.
സ്‌പെയിൻ യൂറോകപ്പ് കിരീടം നേടുന്നതിൽ നിർണായ പങ്കുവഹിച്ച താരങ്ങളായ ലാമിനെ യമാൽ, നികോ വില്യംസ് എന്നിവർ ഇല്ലാതെയാണ് സ്‌പെയിൻ ഇറങ്ങുന്നത്. അണ്ടർ 23 ടീമായിരിക്കും ഒളിംപിക്‌സ് മത്സരതത്തിൽ കളത്തിലിറങ്ങുക. കൂടാതെ മൂന്ന് സീനിയർ താരങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാൻ കഴിയും. നിലവിലെ ചാംപ്യൻമാരായ ബ്രസീൽ ഇത്തവണ ഒളിംപിക്‌സിന് യോഗ്യത നേടിയിട്ടില്ല. ഉദ്ഘാടന ദിവസം തന്നെ അർജന്റീനക്ക് മത്സരമുണ്ട്. മൊറോക്കെക്കെതിരേയാണ് അർജന്റീനയുടെ ആദ്യ മത്സരം. അർജന്റീനക്ക് ഗ്രൂപ്പ്ഘട്ടത്തിൽ കടുത്ത എതിരാളികളെയാണ് ലഭിച്ചിരിക്കുന്നത്. ബി ഗ്രൂപ്പിലാണ് അർജന്റീന ഉൾപ്പെട്ടിരിക്കുന്നത്. മൊറോക്കോ, ഇറാഖ്, ഉക്രൈൻ എന്നിവരാണ് അർജന്റീനയുടെ ഗ്രൂപ്പിലുള്ളത്. ജൂലിയൻ അൽവാരെസ്, നിക്കോളാസ് ഒട്ടാമെൻഡി, ഗോൾകീപ്പർ ജെറോണിനോ റോളി എന്നിവരാണ് അർജന്റീനക്കായി കളത്തിലിറങ്ങുന്ന സീനിയർ താരങ്ങൾ. യൂറോകപ്പ് ചാംപ്യൻമാരായ സ്‌പെയിൻ ഗ്രൂപ്പ് സിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. സ്‌പെയിനൊനൊപ്പം ഉസ്ബക്കിസ്താൻ, ഈജിപ്ത്, ഡൊമനിക്കൻ റിപ്പബ്ലിക്ക് എന്നിവരുമുണ്ട്.