പാകിസ്ഥാൻ ലോകകപ്പിൽ നിന്ന് പുറത്ത്
ടി20 ലോകകപ്പില്‍ നിന്ന് വമ്പന്മാരായ പാകിസ്ഥാന്‍ പുറത്ത്. അമേരിക്ക അയര്‍ലന്‍ഡ് മത്സരം മഴകാരണം ഉപേക്ഷിച്ചതോടെയാണ് ബാബര്‍ അസമും സംഘവും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. ഇതോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് ഇന്ത്യക്കൊപ്പം അമേരിക്കയും സൂപ്പര്‍ എട്ട് ഉറപ്പിച്ചു.
മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവുമായി വെറും രണ്ട് പോയിന്റാണ് നിലവില്‍ പാകിസ്ഥാന്റെ സമ്പാദ്യം. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുണ്ടായിരുന്ന അമേരിക്കക്ക് ഈ മത്സരം ഉപേക്ഷിച്ചതോടെ അഞ്ച് പോയിന്റായി. ഇനി അടുത്ത മത്സരം പാകിസ്താന്‍ ജയിച്ചാലും അമേരിക്കയെ മറികടക്കാനാവില്ല. ഇതോടെയാണ് അമേരിക്ക സൂപ്പര്‍ എട്ട് ഉറപ്പിച്ചതും പാകിസ്ഥാന്‍ പുറത്തായതും.
ആദ്യ മത്സരത്തില്‍ അമേരിക്കയോട് സൂപ്പര്‍ ഓവറില്‍ കീഴടങ്ങിയ പാകിസ്ഥാന്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യയോട് ആറ് റണ്‍സിനും പരാജയപ്പെട്ടിരുന്നു. മൂന്നാം മത്സരത്തില്‍ കാനഡക്കെതിരേ വിജയവഴിയിലെത്തിയെങ്കിലും ടൂര്‍ണമെന്റില്‍ തിരിച്ചെത്താനാകാത്ത വിധം വൈകിപ്പോയിരുന്നു. ഇനി ഞായറാഴ്ച അയര്‍ലന്‍ഡിനെതിരേയാണ് പാകിസ്താന്റെ അവസാന ഗ്രൂപ് മത്സരം.
ആതിഥേയരായ അമേിക്ക തങ്ങളുടെ ആദ്യ ലോകകപ്പില്‍ തന്നെ സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ കാനഡയെ ഏഴുവിക്കറ്റിന് പരാജയപ്പെടുത്തിയ അമേരിക്ക രണ്ടാം മത്സരത്തില്‍ പാകിസ്താനെ സൂപ്പര്‍ ഓവറിലും കീഴടക്കി. ഈ രണ്ടു വിജയങ്ങളാണ് അവരെ തങ്ങളുടെ പ്രഥമ ലോകകപ്പില്‍ തന്നെ സൂപ്പര്‍ എട്ടിലെത്തിച്ചത്.