പാകിസ്താന്‍ നായകന്‍ ഷാന്‍ മസൂദിന് ഇനി വിരല്‍ കടിക്കാം. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ദിനം നാല് വിക്കറ്റ് ബാക്കി നില്‍ക്കെ എടുത്ത ഡിക്ലയര്‍ തീരുമാനത്തിനു മുന്നില്‍ ഇനി വിരല്‍കടിക്കുകയല്ലാതെ അയാള്‍ എന്തു ചെയ്യാനാണ്. അനായാസം ബംഗ്ലാദേശിനെ കീഴടക്കാമെന്ന വിശ്വാസത്തില്‍ 448 റണ്‍സെടുത്ത് ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത തീരുമാനം ഇപ്പോള്‍ പാകിസ്ഥാന്‍ ക്രിക്കറ്റിനെ എത്തിച്ചിരിക്കുന്നത് വന്‍ നണക്കേടിലേക്കാണ്. ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് പാകിസ്ഥാനെതിരേ ഒരു ടെസ്റ്റ് മത്സരം വിജയിച്ചിരിക്കുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് പാക് നായകന്‍ ഷാന്‍ മസൂദ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുന്നത്. 171 റണ്‍സുമായി ഡബിള്‍ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന മുഹമ്മദ് റിസ്വാന്‍ ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു പാക് നായകന്റെ ഈ തീരുമാനം. റിസ്വാന്റെ ഇരട്ട സെഞ്ചുറി തടഞ്ഞു എന്നാരോപിച്ച് നിരവധി ആരാധകര്‍ അന്നുതന്നെ മസൂദിനെതിരേ രംഗത്തെത്തിയിരുന്നു. എന്നാല്‍ മികച്ച വിജയത്തിലൂടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാമെന്നായിരുന്നു മസൂദിന്റെ കണക്കുകൂട്ടല്‍.
എന്നാല്‍ ബംഗ്ലാകടുവകള്‍ മസൂദ് ഉദ്ദേശിച്ച ടീമായിരുന്നില്ല. 565 റണ്‍സെടുത്ത് 117 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായാണ് അവര്‍ ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഇതോടെ ടെസ്റ്റ് സമനിലയിലാക്കമെന്നായി പാക് മോഹം. എന്നാല്‍ അവിടെ ബംഗ്ലാ ബൗളര്‍മാര്‍ അഴിഞ്ഞാടി. വെറും 146 റണ്‍സിന് പാക് ബാറ്റിങ് നിരയെ കെട്ടുകെട്ടിച്ചു. ഇതോടെ വെറും 30 റണ്‍സ് മാത്രമായി ബംഗ്ലാദേശിന്റെ വിജയലക്ഷ്യം. വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യത്തിലെത്തിച്ച് സാക്കിര്‍ ഹസനും ഷദ്മാന്‍ ഇസ്ലാമും ബംഗ്ലാദേശിന് ചരിത്ര ജയം സമ്മാനിച്ചു.
മുഷ്ഫിഖുര്‍ റഹീമിന്റെ പോരാട്ടമാണ് ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശിന് കരുത്തായത്. 341 പന്തുകള്‍ നേരിട്ട് 22 ഫോറും ഒരു സിക്‌സും സഹിതം മുഷ്ഫിഖുര്‍ 191 റണ്‍സെടുത്ത് പുറത്തായി. ഷദ്മാന്‍ ഇസ്മായില്‍ (93), മോമിനുല്‍ ഹഖ് (50), ലിറ്റണ്‍ ദാസ് (56), മെഹ്ദി ഹസന്‍ മിറാസ് (77) എന്നിവരും തിളങ്ങി. രണ്ടാം ഇന്നിങ്‌സിലും പാകിസ്താന്‍ നിരയില്‍ റിസ്വാന്‍ ആണ് തിളങ്ങിയത്. 51 റണ്‍സ് എടുത്ത താരത്തിന്റെ പോരാട്ടമാണ് അവരെ ഇന്നിങ്‌സ് പരാജയത്തില്‍ നിന്ന് രക്ഷിച്ചത്. ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍ മിറാസ് നാല് വിക്കറ്റ് വീഴ്ത്തി. ഷാകിബ് മൂന്ന് വിക്കറ്റും വീഴ്ത്തി.