യൂറോകപ്പില്‍ ക്രോട്ടുകള്‍ക്ക്
വീണ്ടും പൂട്ട്
യൂറോ കപ്പിലെ സൂപ്പർ ക്ലാസിക് പോരാട്ടത്തിൽ ക്രൊയേഷ്യക്ക് സമനിലപ്പൂട്ട്. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ അൽബേനിയയാണ് ക്രൊയേഷ്യയെ 2-2ന് സമനിലയിൽ തളച്ചത്. മത്സരത്തിന്റെ മൃഗീയ ഭൂരിപക്ഷവും പന്ത് കൈവശംവെച്ച് കളിച്ച ക്രോട്ടുകൾ അൽബേനിയയുടെ പ്രതിരോധക്കോട്ട പൊളിക്കാനായില്ല. മത്സരത്തിൽ പിറന്ന സെൽഫ് ഗോളായിരുന്നു ക്രൊയേഷ്യക്ക് തുണയായതെങ്കിൽ അതേ താരം തന്നെ വീണ്ടും ഗോൾ നേടിയതോടെ ക്രൊയേഷ്യയുടെ സ്വപ്‌നങ്ങൾ തകർന്നിടിഞ്ഞു.
11ാം മിനുട്ടിൽ മികച്ചൊരു ഹെഡറിലൂടെ ഖാസിമി ലാകിയായിരുന്നു അൽബേനിയക്കായി ആദ്യ ഗോൾ നേടിയത്. ഒരു ഗോൾ നേടിയതോടെ ക്രൊയേഷ്യയുടെ ഗോൾമുഖത്തേക്ക് അൽബേനിയ ഇരച്ചെത്തിക്കൊണ്ടിരുന്നു. ആദ്യ പകുതിയിൽ ആക്രമണ പ്രത്യാക്രമണങ്ങളുമായി ഇരു ടീമുകളും കളംനിറഞ്ഞു കളിച്ചു. ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡുമായി അൽബേനിയ മത്സരം അവസാനിപ്പിച്ചു.
രണ്ടാം പകുതിക്ക് ശേഷം മികച്ച നീക്കവുമായി എത്തിയ ക്രൊയേഷ്യ സമനില ഗോളിനായി കഠിനശ്രമം നടത്തിക്കൊണ്ടിരുന്നു. ഒടുവിൽ 74ാം മിനുട്ടിൽ ക്രോട്ടുകൽ ലക്ഷ്യം കണ്ടു. ആന്ദ്രെ ക്രാമറിച്ചായിരുന്നു ക്രൊയേഷ്യക്കായി സമനില ഗോൾ നേടിയത്. മത്സരം സമനിലയിലാതോടെ ക്രോയേഷ്യക്ക് പുതുജീവൻ ലഭിച്ചു.
അതികം വൈകാതെ ക്രൊയേഷ്യക്ക് ഒരു ഗോൾ ലീഡ് ലഭിക്കുകയും ചെയ്തു. 76ാം മിനുട്ടിൽ പിറന്ന സെൽഫ് ഗോളിന്റെ പിൻബലത്തിലായിരുന്നു ക്രൊയേഷ്യക്ക് സമനില ലഭിച്ചത്. ക്ലോസ് ഗ്യാസുലയുടെ പിഴവിൽ നിന്നായിരുന്നു സെൽഫ് ഗോൾ വന്നത്. എന്നാൽ തോൽക്കാൻ മനസില്ലാത്ത അൽബേനിയ അവാസന വിസിൽവരെ പൊരുതി.
ഒടുവിൽ അതിന്റെ ഫലം അവർക്ക് ലഭിക്കുകയും ചെയ്തു. 95ാം മിനുട്ടിൽ ക്ലോസ് ഗ്യാസുല തന്നെ അൽബേനിയക്കായി സമനില ഗോൾ സമ്മാനിച്ചു. തന്റെ പിഴവുകൊണ്ട് വീണ സെൽഫ് ഗോളിന് പകരമായി സമനില ഗോൾ നേടിയായിരുന്നു ഗ്യാസുല മത്സരത്തിലെ ഹീറോയായത്. രണ്ട് മത്സരത്തിൽനിന്ന് ഒരു പോയിന്റുള്ള ക്രൊയേഷ്യ പട്ടികയിൽ അവസാന സ്ഥാനത്താണിപ്പോൾ.