കഴിഞ്ഞ സീസണിലായിരുന്നു ഏറെ നാളത്തെ ചർച്ചകൾക്കും വിവാദങ്ങൾക്കും ശേഷം ബ്രസീലിയൻ താരം നെയ്മർ സഊദി പ്രോ ലീഗ് ക്ലബായ അൽ ഹിലാലിലെത്തിയത്. കരിയറിൽ പരുക്ക് വേട്ടയാടിക്കൊണ്ടിരിക്കുന്ന താരം ചെറിയ പരുക്കുമായിട്ടായിരുന്നു സഊദി ക്ലബിലെത്തിയത്.
🎬 3 Podiums witness the Treble of the #HistoryMakers 💙🏆#AlHilal
pic.twitter.com/CXq7IdUi29— AlHilal Saudi Club (@Alhilal_EN) May 31, 2024
നെയ്മർ ഇതുവരെ അൽ ഹിലാലിന് വേണ്ടി മൂന്ന് മത്സരത്തിൽ മാത്രമേ കളത്തിലിറങ്ങിയിട്ടുള്ളൂവെങ്കിലും കൈനിറയെ കപ്പുമായിട്ടാണ് നെയ്മർ ഈ സീസൺ പൂർത്തിയാക്കുന്നത്. അൽ ഹിലാൽ ഈ സീസണിൽ നേടിയ മൂന്ന് കിരീടത്തിലും പങ്കാളിയാകാൻ നെയ്മറിന് കഴിഞ്ഞു. സഊദി അറേബ്യയിൽ നടന്ന സൂപ്പർ കപ്പിലായിരുന്നു അൽഹിലാലും നെയ്മറും ആദ്യമായി മുത്തമിട്ടത്. തുടർന്ന് സഊദി പ്രോ ലീഗിൽ ചാംപ്യൻമാരായ അൽ ഹിലാൽ സീസണിലെ രണ്ടാം കിരീടവും സ്വന്തമാക്കി. 34 മത്സരത്തിൽനിന്ന് 96 പോയിന്റുമായിട്ടാണ് നെയ്മറിന്റ അൽ ഹിലാൽ ഒന്നാം സ്ഥാനത്തോടെ സീസൺ പൂർത്തിയാക്കിയത്.
ഇന്നലെ നടന്ന കിങ്‌സ് കപ്പിലും അൽ ഹിലാൽ കിരീടം കൈ വിട്ടില്ല. അൽ നസ്‌റിനെ പെനാൽറ്റിയിൽ വീഴ്ത്തിയായിരുന്നു അൽ ഹിലാൽ സീസണിലെ മൂന്നാം കിരീടവും ഷെൽഫിലെത്തിച്ചത്. നെയ്മറിന്റെ അസാന്നിധ്യത്തിലും മികച്ച പ്രകടനത്തോടെയാണ് ക്ലബ് സീസൺ പൂർത്തിയാക്കുന്നത്.
പരുക്കിന്റെ പിടിയിലുള്ള നെയ്മർ പരുക്കിൽനിന്ന് ഏറെക്കുറെ മുക്തനായിട്ടുണ്ട്. സഊദിയിൽ തുടരുന്ന താരം കഠിനമായ പരിശീലനത്തിലാണിപ്പോൾ. പരുക്ക് കാരണം കോപാ അമേരിക്കക്കുള്ള ബ്രസീൽ ടീമിൽ ഇടം നേടാനും നെയ്മറിന് കഴിഞ്ഞിട്ടില്ല. പരുക്ക് മാറുന്നതോടെ അടുത്ത സീസണിൽ അൽ ഹിലാലിനായി കളത്തിലിറങ്ങാൻ കഴിയുമെന്നാണ് താരത്തിന്റെ പ്രതീക്ഷ.