മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സിനെ വീഴ്ത്തി ചരിത്രത്തിലാദ്യമായി ഡ്യൂറൻ്റ് കപ്പ് കിരീടം സ്വന്തമാക്കി നോർത്ത് ഈസ്റ്റ് യുനൈറ്റഡ്. കലാശപോരാട്ടത്തിൽ മോഹൻ ബഗാനെ പെനാൽറ്റി ഷൂട്ടൊട്ടിൽ വീഴ്ത്തിയായിരുന്നു നോർത്ത് ഈസ്റ്റ് യുനൈറ്റഡ് ആദ്യത്തെ മേജർ കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും ഇരു ടീമുകളും 2-2 എന്ന സ്‌കോറിൽ പിരിയുകയായിരുന്നു. പിന്നീട് നടന്ന പെനാൽറ്റിയിൽ 3-4 എന്ന സ്‌കോറിനായിരുന്നു നോർത്ത് ഈസ്റ്റിന്റെ ജയം. മത്സരത്തിന്റെ ആദ്യ പകുതിയിൽ മോഹൻ ബഗാൻ രണ്ട് ഗോളുമായി മുന്നിട്ടുനിന്നിരുന്നെങ്കിലും രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിച്ച് നോർത്ത് ഈസ്റ്റ് മത്സരത്തിലേക്ക് തിരിച്ചു വരുകയായിരുന്നു.
11ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെ കമ്മിങ്‌സായിരുന്നു ബഗാനെ മുന്നിലെത്തിച്ചത്. ഒരു ഗോൾ നേടിയതോടെ ശക്തമായി പൊരുതിയ മോഹൻ ബഗാൻ അധികം വൈകാതെ രണ്ടാം ഗോളും നേടി. ആദ്യ പകുതിയുടെ അധിക സമയത്ത് സഹൽ അബ്ദുൽ സമദായിരുന്നു ബഗാന്റെ രണ്ടാം ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ സർവ ശക്തിയുമെടുത്ത് പൊരുതിയ നോർത്ത് ഈസ്റ്റ് 55ാം മിനുട്ടിൽ ഒരു ഗോൾ മടക്കി തിരിച്ചു വരവിനുള്ള സൂചന നൽകി. 55ാം മിനുട്ടിൽ അയാരിയായിരുന്നു നോർത്ത് ഈസ്റ്റിന്റെ ആദ്യ ഗോൾ നേടിയത്. ഒരു ഗോൾ നേടിയതോടെ ശുഭപ്രതീക്ഷ ലഭിച്ച നോർത്ത് ഈസ്റ്റ് 58ാം മിനുട്ടിൽ രണ്ടാം ഗോളും നേടി മത്സരം സമനിലയിലാക്കി. ഗില്ലെർമോയായിരുന്നു രണ്ടാം ഗോൾ നേടിയത്. ഇതോടെ മത്സരം സമനിലയിലായി. പിന്നീട് ഇരുവരും ശ്രദ്ധിച്ചായിരുന്നു കളിച്ചത്. പിന്നീട് ഗോളൊന്നും പിറക്കാതിരുന്നതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. പെനാൽറ്റിയിൽ 3-4 എന്ന സ്‌കോരിന് നോർത്ത് ഈസ്റ്റ് ബഗാനെ തോൽപ്പിച്ച് ചരിത്രത്തിലെ ആദ്യ കിരീടം നേടുകയായിരുന്നു.