കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രമുഖ വിദേശതാരമായ മാര്‍കോ ലെസ്‌കോവിചും ക്ലബ് വിട്ടു. ഈ സീസണോടെ കരാര്‍ അവസാനിക്കുന്ന ലെസ്‌കോവിചിന്റെ കരാര്‍ പുതുക്കേണ്ട എന്ന് ബ്ലാസ്റ്റേഴ്സ് നേരത്തെ തീരുമാനമെടുത്തിരുന്നു. കഴിഞ്ഞ സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം നയിച്ചിരുന്നത് ലെസ്‌കോവിചാണ്. എന്നാല്‍ പരിക്ക് കാരണം ലെസ്‌കോവിച് ടീമില്‍ പലപ്പോഴും ഉണ്ടാകാറില്ല.
https://x.com/KeralaBlasters/status/1796853330205188418
താരം നിരന്തരം പരിക്കിനാല്‍ വലയുന്നതാണ് കരാര്‍ പുതുക്കേണ്ട എന്ന തീരുമാനത്തിലേക്ക്് ബ്ലാസ്റ്റേഴ്സ് എത്തിയത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്സിനായി 48 മത്സരങ്ങള്‍ കളിച്ച ലെസ്‌കോവിച് ഒരു ഗോളും നേടിയിട്ടുണ്ട്. ക്രൊയേഷന്‍ താരമായ ലെസ്‌കോവിച് മുമ്പ് ക്രൊയേഷ്യന്‍ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. ക്രൊയേഷ്യയിലെ വലിയ ക്ലബായ ഡിനാമൊ സഗ്രബിന്റെ ഭാഗമായിരുന്നു. 2014ല്‍ ആയിരുന്നു ക്രൊയേഷ്യന്‍ ദേശീയ സീനിയര്‍ ടീമിനായുള്ള അരങ്ങേറ്റം. പക്ഷെ വളരെ കുറച്ചു മത്സരങ്ങളെ ദേശീയ ടീമിന്റെ ജേഴ്‌സിയില്‍ കളിക്കാന്‍ ആയിരുന്നുള്ളൂ.
നേരത്തെ, ജാപ്പനീസ് താരം ഡെയ്‌സുകെ സകായി ടീം വിട്ടതായി ക്ലബ് ഔദ്യാഗികമായി അറിയിച്ചിരുന്നു. ഇന്നലെ ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലകന്‍ ഫ്രാങ്ക് ഡോവര്‍ ക്ലബ് വിടുന്നതായി അറിയിച്ചിരുന്നു. തുടര്‍ന്ന് ഗോള്‍ കീപ്പര്‍മാരായ കരണ്‍ ജിത് സിങ്, ലാറ ശര്‍മ എന്നിവരും ക്ലബ് വിട്ടതായി അറിയിച്ചു. കൂടുതല്‍ പേര്‍ ക്ലബ് വിട്ടതോടെ വരുന്ന സീസണില്‍ ബ്ലാസ്റ്റേഴ്സിന് കൂടുതല്‍ താരങ്ങളെ ടീമിലെത്തിക്കേണ്ടി വരും.
ഒരു ഐ.എസ്.എല്‍ കിരീടത്തിനായി മോഹിക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കണമെങ്കില്‍ മികച്ച ടീമിനെ തന്നെ അടുത്ത സീസണില്‍ കളത്തിലിറക്കുമെന്ന് പ്രതീക്ഷിക്കാം. അവസാന സീസണില്‍ സെമിയില്‍ പ്രവേശിക്കാന്‍ കഴിയാതെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഐ.എസ്.എല്‍ യാത്ര അവസാനിച്ചത്.