Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Football
  • മലപ്പുറം എഫ്.സി ഇനി ഇടനെഞ്ചിൽ
Football

മലപ്പുറം എഫ്.സി ഇനി ഇടനെഞ്ചിൽ

മലപ്പുറം എഫ്.സി
Email :29

ക്ലബിന്റെ ലോഞ്ചിങ് നിർവഹിച്ചു

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് മലപ്പുറത്തിന്റെ ഫുട്ബാൾ ആരവത്തിന് മാറ്റു കൂട്ടാൻ മലപ്പുറം എഫ്.സി മിഴി തുറന്നു. കാൽപന്തിനെ നെഞ്ചേറ്റിയ മലപ്പുറത്തെ ഫുട്ബാൾ ആസ്വാധകരെ സാക്ഷിയാക്കി ഇന്നലെ എം.എഫ്.സിയുടെ ലോഞ്ചിങ് പത്മശ്രീ എം.എ യൂസുഫലി നിർവഹിച്ചു. മലപ്പുറം എം.എസ്.പി സ്‌കൂൾ മൈതാനിയിലെ ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ അധ്യക്ഷനായി.

കാൽവച്ചിടത്തൊന്നും മലപ്പുറത്തിന് പിറകോട്ട് പോവേണ്ടിവന്നിട്ടില്ലെന്നും സൂപ്പർ ലീഗ് കേരളയിൽ കപ്പടിച്ചേ മലപ്പുറം എഫ്.സി തിരിച്ചുവരികയുള്ളൂവെന്നും ഉദ്ഘാടന ശേഷം യൂസഫലി പറഞ്ഞു. 54 വർഷം നീണ്ട തന്റെ ഫുട്ബാൾ ജീവിതത്തിൽ ഇത്ര ആവേശമുള്ളൊരു രാത്രി ഉണ്ടായിട്ടില്ലെന്ന് ടീം മുഖ്യ പരിശീലകൻ ജോൺ ഗ്രിഗറി പറഞ്ഞു. സമ്മർദ്ദം ഉണ്ടെന്നും എന്നാൽ വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ യൂസഫലിയെ ടീമിന്റെ മുഖ്യ രക്ഷധികാരിയായി പ്രഖ്യാപിച്ചു. മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി യൂസഫലിയുടെ പേര് ആലേഖനം ചെയ്ത ജേഴ്‌സി കൈമാറി ടീം ജേഴ്‌സി പുറത്തിറക്കി. കെ.എഫ്.എ പ്രസിഡന്റ് നവാസ് മീരാൻ മുഖ്യ പ്രഭാഷണം നടത്തി. എം.എൽ.എ മാരായ മഞ്ഞളാംകുഴി അലി, എ.പി അനിൽകുമാർ, ഡോ.കെ.ടി ജലീൽ, പി.ഉബൈദുല്ല, ആബിദ് ഹുസൈൻ തങ്ങൾ, പി.വി.അൻവർ,

അഡ്വ. യു.എ.ലത്തീഫ്, ജില്ലാ കലക്ടർ വി.ആർ. വിനോദ്, എ.ഡി.എം എൻ.എം മെഹറലി, ഡപ്യുട്ടി കലക്ടർ പി. അൻവർ സാദത്ത്, സ്‌പോർട്ട്‌സ് കൗൺസിൽ പ്രസിഡന്റ് വി.പി അനിൽ, മലപ്പുറം എഫ്.സി പ്രമോട്ടർമാരായ ആഷിക് കൈനിക്കര, എ.പി. ഷംസുദ്ധിൻ, സി.അൻവർ അമീൻ, ജംഷീദ് പി. ലില്ലി, വി.പി. ലത്തിഫ്, നിലാമ്പ്ര ബേബി, കെ. ആർ ബാലൻ എന്നിവർ സംസാരിച്ചു.

തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. മലപ്പുറം എം.എസ്.പി സ്‌കൂൾ മൈതാനിയിൽ തിങ്ങിക്കൂടിയ ജനാരവത്തിന്റെ സ്‌നേഹവായ്പുകളേറ്റുവാങ്ങി സൂപ്പർ ലീഗ് കേരളയിലെ ആറ് ടീമുകളിലൊന്നായി മലപ്പുറം എഫ്.സിയും കളിക്കളത്തിലേക്കിറങ്ങി.

കാൽപന്തിൽ മലപ്പുറത്തിന്റെ സംഭാവനകൾ മഹത്തരം, യൂസുഫലി

മലപ്പുറം: ഫുട്ബാളിൽ ദേശീയ അന്തർദേശീയ രംഗത്ത് ഒട്ടനവധി താരങ്ങളെ സംഭാവന ചെയ്ത ജില്ലയാണ് മലപ്പുറമെന്ന് എം.എ യൂസഫലി. കച്ചവടത്തിന്റെ കളിക്കാരൻ ആണെങ്കിലും ഫുട്‌ബോളിനോട് തനിക്ക് പ്രത്യേക വാത്സല്യമാണെന്നും അദ്ദേഹം പറഞ്ഞു. സൂപ്പർ ലീഗ് കേരളയുടെ മലപ്പുറം ടീമായ മലപ്പുറം എഫ് സിയെ ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂൾ പഠന കാലത്ത് നാട്ടിക ജി.എഫ്.എച്ച്.എസ് സ്‌കൂളിൽ താനും സ്ഥിരമായി ഫുട്‌ബോൾ കളിച്ചിരുന്നെന്നും തേഞ്ഞിപ്പലത്ത് നടന്ന സന്തോഷ് ട്രോഫി കാണാൻ പോയത് ഇപ്പോഴും ഓർമ്മയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്ന് മുതൽ ഫുട്ബാൾ കാണാൻ ശ്രമിക്കാറുണ്ട്. ഖത്തർ രാജാവിന്റെ പ്രത്യേക ക്ഷണ പ്രകാരം ഫിഫ ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ പങ്കെടുക്കാനും ലയണൽ മെസിയെ പരിജയപ്പെടാനും അവസരമുണ്ടായത് നല്ലൊരു ഓർമയാണ്.

ലോകകപ്പ് അടക്കമുള്ള വേദിയിൽ മലയാളികളുടെ ലോകകപ്പ് ആവേശം താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും കുട്ടികൾ മൊബൈലിൽ നിന്നകന്നു കൂടുതലായി കളിക്കളങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും യൂസഫലി പറഞ്ഞു.

ജയിച്ചുവരൂ, സർപ്രൈസ് ഗിഫ്റ്റ് റെഡി

കേരള സൂപ്പർ ലീഗിൽ വിജയിച്ചു വന്നാൽ സമ്മാനം നൽകാമെന്ന് മലപ്പുറം എഫ്.സി താരങ്ങൾക്ക് എം.എ യൂസുഫലിയുടെ വാഗ്ദാനം. ക്ലബിന്റെ ലോഞ്ചിങ് ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സമ്മാനം എന്താണെന്നത് സർപ്രൈസ് ആണെന്നും വിജയിച്ച ശേഷമുള്ള സ്വീകരണ ചടങ്ങിൽ താനും പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts