ക്രൊയേഷ്യൻ മധ്യനിര താരം ലൂക്കാ മോഡ്രിച്ച് റയൽ മാഡ്രിഡിൽ തുടുരും. ഒരു വർഷംകൂടിയാണ് മോഡ്രിച്ചിന് കരാർ നീട്ടിനൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു റയൽ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2012ൽ സാന്റിയാഗോ ബോർണബ്യൂവിലെത്തിയ മോഡ്രിച്ച് 12 സീസണുകളിലായി റയലിന്റെ കുപ്പായമണിഞ്ഞിട്ടുണ്ട്. ആറു ചാംപ്യൻസ് ലീഗ്, അഞ്ച് ക്ലബ് ലോകകപ്പുകൾ, നാലു യൂറോപ്യൻ സൂപ്പർ കപ്പുകൾ, നാലു ലീഗ് കപ്പുകൾ, രണ്ട് കോപാസ് ഡെൽ റേ, അഞ്ച് സ്പാനിഷ് സൂപ്പർ കപ്പുകൾ.
ആറു യൂറോപ്യൻ കപ്പുകൾ എന്നിവ ഉൾപ്പെടെ റയൽ മാഡ്രിഡിനൊപ്പം അദ്ദേഹം 26 കിരീടങ്ങളും നേടിയാണ് ക്ലബിനൊപ്പമുള്ള യാത്ര തുടരുന്നത്. റയൽ മാഡ്രിഡിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ അഞ്ച് പ്രധാന കളിക്കാരിൽ ഒരാളാണ് മോഡ്രിച്ച്. 2018ലെ ബാലൺ ഡി ഓർ, മികച്ച ഫിഫ പ്ലെയർ അവാർഡ്, യുവേഫ പ്ലെയർ ഓഫ് ദ ഇയർ, ആറു തവണ ഫിഫ ഫിഫ്‌പ്രോ വേൾഡ് ഇലവന്റെ ഭാഗമായിട്ടുള്ള അദ്ദേഹം രണ്ട് തവണ ചാംപ്യൻസ് ലീഗിലെ മികച്ച മിഡ്ഫീൽഡറായും തിരഞ്ഞെടുക്കപ്പെട്ടു.
ക്ലബ് ലോകകപ്പിൽ ഒരു തവണ ഗോൾഡൻ ബോളും ഒരു തവണ സിൽവർ ബോളും നേടിയിട്ടുണ്ട്. ക്രൊയേഷ്യൻ ദേശീയ ടീമിനൊപ്പം, 2018 ലോകകപ്പിൽ ഗോൾഡൻ ബോളും 2022 ലോകകപ്പിൽ വെങ്കലവും നേടി. റയൽ മാഡ്രിഡിനായി 534 മത്സരങ്ങൾ കളിച്ച താരം റയലിന്റെ എക്കാലത്തേയും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാണ്.
ക്രൊയേഷ്യക്കൊപ്പം ലോകകപ്പിലെ രണ്ടാം സ്ഥാനം നേടാനും രാജ്യത്തിനായി 178 മത്സരങ്ങളും മോഡ്രിച്ച് കളിച്ചിട്ടുണ്ട്. ക്രൊയേഷ്യക്കായി ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമെന്ന റെക്കോർഡ് മോഡ്രിച്ച് സ്വന്തം പേരിലാക്കിയിട്ടുണ്ട്.