തായ്‌ലൻഡിൽ നടക്കുന്ന രണ്ടാം പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. ഇന്ന് ഉച്ചക്ക് നടന്ന മത്സരത്തിൽ 3-1 എന്ന സ്‌കോറിന് സമുത് പ്രകാൻ സിറ്റി എഫ്.സിയെയാമ് ബ്ലാസ്റ്റേഴ്‌സ് തോൽപിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിനായി മുഹമ്മദ് സഹീഫ്, പെപ്ര, ഇഷാൻ പണ്ഡിത എന്നിവരായിരുന്നു ഗോളുകൾ നേടിയത്. അഡ്രിയാൻ ലൂണയടക്കമുള്ള താരങ്ങൾ ഇന്ന് ബ്ലാസ്റ്റേഴ്‌സിനായി കളത്തിലിറങ്ങിയിരുന്നു.
മൂന്ന് മത്സരങ്ങളടങ്ങിയ പ്രീ സീസൺ മത്സരങ്ങൾക്ക് വേണ്ടിയാണ് ബ്ലാസ്‌റ്റേഴ്‌സ് തായ്‌ലൻഡിലെത്തിയിട്ടുള്ളത്. ഒരു മത്സരംകൂടി കളിച്ചതിന് ശേഷം ബ്ലാസ്‌റ്റേഴ്‌സ് കൊൽക്കത്തയിൽ നടക്കുന്ന ഡ്യൂറണ്ട് കപ്പ് മത്സരങ്ങൾക്കായി നാട്ടിലേക്ക് തിരിക്കും. ഇവാൻ വുകമനോവിച്ചിന് പകരക്കാരനായി പരിശീലക വേഷത്തിലെത്തിയ മൈക്കിൾ സ്റ്റാറേയുടെ കീഴിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ജയമാണ് ഇത്.
അഡ്രിയാൻ ലൂണയുടെ നേതൃത്വത്തിലായിരുന്നു മഞ്ഞപ്പട കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തിൽ പട്ടായ എഫ്.സിക്കെതിരേ നടന്ന മത്സരത്തിൽ 2-1 എന്ന സ്‌കോറിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോൽവി. പട്ടായ സ്‌പോട്‌സ് ക്ലബിൽ നടന്ന മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ പകുതിയിൽതന്നെ ഒരു ഗോളിന് പിറകിലായിരുന്നു. രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന മഞ്ഞപ്പട ഗോൾ മടക്കി മത്സരം സമനിലയിലാക്കാനുള്ള കഠിനശ്രമം നടത്തി.
എന്നാൽ സമനില ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് പൊരുതുന്നതിനിടെ എഫ്.സി പട്ടായയുടെ രണ്ടാം ഗോളും വന്നു. രണ്ട് ഗോൾ പാസ്റ്റിലെത്തിയെങ്കിലും പതറാത്ത ബ്ലാസ്റ്റേഴ്‌സ് ശക്തമായ നീക്കങ്ങളുമായി കളംനിറഞ്ഞു കളിച്ചു. ഒടുവിൽ ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമം നടത്തി. എന്നാൽ പിന്നീട് സമനില ഗോൾ നേടാനുള്ള സമയം ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചില്ല.അപ്പോഴേക്കും മത്സരം അവസാനത്തോടടുത്തിരുന്നു.