മേജർ ലീഗ് സോക്കറിന്റെ പ്ലേ ഓഫിനായി ഇന്റർമിയാമിക്ക് പോരാട്ടം കനക്കും. ഇന്ന് നടന്ന മത്സരത്തിൽ അറ്റ്ലാന്റ യുനൈറ്റഡിനോട് പരാജയപ്പെട്ടതാണ് ഇന്റർ മിയാമിക്ക് തിരിച്ചടിയായത്. മത്സരത്തിൽ 90 മിനുട്ടും മെസ്സി കളിച്ചിരുന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. മത്സരത്തിൽ ആദ്യം ഗോൾ നേടിയത് ഇന്റർ മിയാമി ആയിരുന്നു, എന്നാൽ പിന്നീട് ശക്തമായി തിരിച്ചു വന്ന അറ്റ്ലാന്റ വിജയം കൊയ്യുകയായിരുന്നു.
40ാം മിനുട്ടിൽ റോഡോണ്ടയുടെ അസിസ്റ്റിൽനിന്ന് മാർട്ടിനസായിരുന്നു മിയാമിക്കായി ലീഡ് നേടിയത്. സമനില ഗോളിനായി പൊരുതിക്കൊണ്ടിരുന്ന അറ്റ്ലാന്റെ ഒടുവിൽ ലക്ഷ്യത്തിലെത്തി. 58ാം മിനുട്ടിൽ വില്യംസ് പന്ത് ഇന്റർമിയാമിയുടെ വലയിലെത്തിച്ചതോടെ മത്സരം സമനിലയിലായി. മത്സരം സമനിലയിലായതോടെ ഇരുടീമുകളും ജയത്തിനായി കഠനമായി ശ്രമിച്ചു. സ്വന്തം കാണികൾക്ക് മുന്നിൽ ജയത്തിനായി പൊരുതിയ അറ്റ്ലാന്റെ ഒടുവിൽ വിജയഗോൾ നേടി.
94ാം മിനുട്ടിലായിരുന്നു അറ്റ്ലാന്റയുടെ വിജയഗോൾ. നിർണായക മത്സരത്തിൽ തോറ്റതോടെ ഇനി ഇന്റർമിയാമിക്ക് അടുത്ത മത്സരംവരെ കാത്തിരിക്കണം. ഈ മാസം പത്തിനാണ് ടൂർണമെന്റിലെ നിർണായക മത്സരം.