പ്രീമിയർ ലീഗിൽ വമ്പന്മാർക്ക് വീഴ്ച്ച. എവേ മത്സരത്തിൽ ന്യൂകാസിൽ യുനൈറ്റഡാണ് ആഴ്‌സനലിനെ വീഴ്ത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഗണ്ണേഴ്‌സിന്റെ തോൽവി. മത്സരത്തിന്റെ 64 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ചത് ആഴ്‌സനാലിയിരുന്നെങ്കിലും മത്സരത്തിൽ ജയിക്കാൻ അവർക്കായില്ല. 64 ശതമാനം പന്ത് കൈവശംവെച്ച് കളിച്ച ആഴ്‌സനലിന്റെ ഓരുഷോട്ട് മാത്രമാണ് ഷോട്ട് ഓൺ ടാർഗറ്റായത്.
12ാം മിനുട്ടിൽ അലക്‌സാണ്ടർ ഇസാകായിരുന്നു ന്യൂകാസിലനായി വിജയഗോൾ നേടിയത്. 10 മത്സരത്തിൽനിന്ന് 18 പോയിന്റുള്ള ആഴ്‌സനൽ പട്ടികയിൽ നാലാം സ്ഥാനത്താണിപ്പോൾ. മറ്റൊരു മത്സരത്തിൽ 2-1 എന്ന സ്‌കോറിന് ബേൺമൗത്ത് മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചു. മത്സരത്തിന്റെ ആറാം മിനുട്ടിൽതന്നെ ബേൺമൗത്ത് മുന്നിലെത്തി. ഒൻപതാം മിനുട്ടിൽ അന്റോണിയോ സെമന്യോയായിരുന്നു ഗോൾ നേടിയത്.
രണ്ടാം പകുതിക്ക് ശേഷമായിരുന്ന ബേൺമൗത്തിന്റെ രണ്ടാം ഗോൾ. 64ാം മിനുട്ടിലായിരുന്നു എവാനിൽസൺ ബേൺമൗത്തിനായി രണ്ടാം ഗോൾ നേടിയത്. 82ാം മിനുട്ടിൽ ജോസ്‌കോ ഗ്വാഡിയോളിന്റെ വകയായിരുന്നു സിറ്റിയുടെ ആശ്വാസ ഗോൾ. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ 2-1 സ്‌കോറിന് ലിവർപൂൾ ബ്രൈറ്റണെ തോൽപിച്ചു. 14ാം മിനുട്ടിൽ ബ്രൈറ്റൺ മുന്നിലെത്തിയെങ്കിലും പിന്നീട് ലിവർപൂൾ ശക്തമായി തിരിച്ചുവരുകയായിരുന്നു.
കോഡി ഗോക്‌പോ (69), മുഹമ്മദ് സലാഹ് (72) എന്നിവരായിരുന്നു ലിവർപൂളിനായി ലക്ഷ്യം കണ്ടത്. എതിരില്ലാത്ത മൂന്ന് ഗോളിന് നോട്ടിങ് ഹാം ഫോറസ്റ്റ് വെസ്റ്റ് ഹാമിനെ തോൽപിച്ചു. ലെസ്റ്റർ സിറ്റി-ഇപ്‌സ്വിച്ച് ടൗൺ മത്സരം 1-1 എന്ന സ്‌കോറിന് അവസാനിച്ചു.