സൂപ്പർ ലീഗ് കേരളയുടെ രണ്ടാം റൗണ്ടിലെ ആദ്യ മത്സരം സമനിലയിൽ കലാശിച്ചു. ഇന്നലെ നടന്ന കണ്ണൂർ വാരിയേഴ്‌സ് ഫോഴ്‌സ കൊച്ചി മത്സരമാണ് 1-1 എന്ന സ്‌കോറിന് അവസാനിച്ചത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മിന്നും പ്രകടനമായിരുന്നു കണ്ണൂർ പുറത്തെടുത്തത്. 18ാം മിനുട്ടിൽ ഡേവിഡ് ഗ്രാണ്ടെ നേടിയ ഗോളിൽ കണ്ണൂരായിരുന്നു മുന്നിലെത്തിയത്. എന്നാൽ പിന്നീട് കൊച്ചി ശക്തമായി തിരിച്ചു വന്ന് സമനില ഗോൾ നേടുകയായിരുന്നു.
76ാം മിനുട്ടിൽ ബസാന്തയായിരുന്നു കൊച്ചിക്കായി സമനില ഗോൾ നേടിയത്. മത്സരത്തിന്റെ 18ാം മിനുട്ടിൽ കണ്ണൂരിന്റെ സ്പാനിഷ് താരം ഡേവിഡ് ഗ്രാണ്ടേ കൊച്ചിയുടെ പ്രതിരോധ താരം സുഭാഷിഷ് റോയ് ചൗധരിയുടെ പിഴവിൽ നിന്ന് വീണ്ടെടുത്ത പന്ത് നേരെ വലയിലേക്ക് പായിച്ചു. ആദ്യ ഗോളിന് ശേഷം ആത്മവിശ്വാസർ വർധിച്ച കണ്ണൂർ കൂടുതൽ ഗോളുകൾ നേടാൻ കഠിന ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഒരു ഗോൾ വഴങ്ങിയതോടെ കൊച്ചി പിന്നീട് സമനിലക്കായി പൊരുതിക്കൊണ്ടിരുന്നു. എന്നാൽ ആദ്യ പകുതിയിൽ കണ്ണൂർ മുന്നിട്ടുനിന്നു. രണ്ടാം പകുതിയിൽ മികച്ച നീക്കങ്ങളുമായി കളംപിടിച്ച കൊച്ചി ഗോൾ മടക്കി മത്സരത്തിൽ സമനില നേടുകയായിരുന്നു. 71ാം മിനുട്ടിൽ കൊച്ചിയുടെ നിധാൽ വലതുവിങ്ങിൽ നിന്ന് ഉയർത്തി കൊടുത്ത ക്രോസ് ബസന്ത സിംഗ് കണ്ണൂർ ഗോൾകീപ്പർ അജ്മലിനെയും കീഴടക്കി പന്ത് വലയിലെത്തിച്ചു.
മത്സരം സമനിലയിലായതോടെ ഇരു ടീമുകളും ജയത്തിനായി പൊരുതിയെങ്കിലും പിന്നീട് ഗോളൊന്നും പിറക്കാതിരുന്നതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.