പി.എസ്.ജിയുടെ ഫ്രഞ്ച് താരമായിരുന്ന കിലിയൻ എംബാപ്പെ ഇനി റയൽ മാഡ്രിഡിൽ. റയൽ മാഡ്രിഡ് താരത്തിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അഞ്ചു വർഷത്തെ കരാറിലാണ് താരം റയലിലെത്തുന്നത്. ഈ സീസണോടെ പി.എസ്.ജിയിൽ കരാൽ അവസാനിക്കുന്ന താരം ക്ലബ് വിട്ട് റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന വാർത്തയുണ്ടായിരുന്നു. ഇപ്പോഴാണ് താരത്തിന്റെ വരവ് റയൽ ഔദ്യൗഗികമായി പ്രഖ്യാപിച്ചത്.
2013ൽ ഫ്രഞ്ച് ലീഗിൽ മോണോക്കോക്കായി നടത്തിയ മിന്നും പ്രകടനത്തിലൂടെയായിരുന്നു യൂറോപ്യൻ ഫുട്‌ബോളിന്റെ മുഖ്യധാരയിലേക്ക് എംബാപ്പെ എത്തുന്നത്. തുടർന്ന് 2017ൽ മൊണോക്കോ വിട്ട താരം പി.എസ്.ജിയിൽ ചേർന്നു. പി.എസ്.ജിക്കായി 178 മത്സരം കളിച്ച എംബാപ്പെ ഏഴു വർഷത്തെ കരിയറിൽ 17 വിവിധ കിരീടങ്ങളും സ്വന്തമാക്കിയാണ് ഫ്രാൻസിൽ പുതിയ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിലേക്ക് കൂടുമാറുന്നത്. ആറു ലീഗ് കപ്പ്, നാലു ഫ്രഞ്ച് കപ്പ്, അഞ്ച് ഫ്രഞ്ച് സൂപ്പർ കപ്പ്, രണ്ട് ലീഗ് കപ്പ് എന്നിവയാണ് പി.എസ്.ജിക്കൊപ്പമുള്ള താരത്തിന്റെ നേട്ടം.
ഫ്രഞ്ച് ടീമിന്റെയും മുന്നേറ്റത്തിലെ പ്രധാനിയായ എംബാപ്പെ 2018ൽ ലോകകപ്പ് നേടിയ ടീമിനെ അംഗമായിരുന്നു. 2021ലെ നാഷൻസ് ലീഗ് കിരീടത്തിലും എംബാപ്പെയുടെ പങ്കുണ്ടായിരുന്നു. 2022ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ ഫൈനലിൽ അർജന്റീനയോട് പൊരുതിത്തോറ്റെങ്കിലും ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് ജേതാവും 25 കാരനായ എംബാപ്പെക്കായിരുന്നു.