മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം കെവിൻ ഡിബ്രൂയിൻ സഊദി ക്ലബിലേക്ക് ചേക്കേറാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ബെൽജിയം മാധ്യമമായ എച്ച്.എൻ.എല്ലിന് നൽകിയ അഭിമുഖത്തിലാണ് ഡിബ്രൂയിൻ ചിലപ്പോൾ സിറ്റി വിട്ടേക്കാമെന്ന നിലപാട് അറിയിച്ചത്.
സഊദി ക്ലബുകൾ വൻതുകയാണ് താരത്തിനായി ഓഫർ ചെയ്തിരിക്കുന്നത്. ‘എനിക്ക് ഇനിയും ക്ലബിൽ ഒരു വർഷത്തെ കരാറുണ്ട്. അതിനാൽ ചിന്തിച്ച് തീരുമാനമെടുക്കണം. എന്റെ മകന് എട്ടു വയസായി. അവന് ഇംഗ്ലണ്ടിനെ കുറിച്ച് അല്ലാതെ മറ്റൊന്നുമറിയില്ല. എത്രകാലം സിറ്റിക്കായി കളിക്കും. അത്തരമൊരു അവസരം വന്നാൽ അതിനെ നേരിടേണ്ടി വരും’ ഡിബ്രൂയിൻ വ്യക്തമാക്കി.
നിലവിൽ സിറ്റിയിൽനിന്ന് ആഴ്ചയിൽ 400,000 യൂറോയാണ് ( 4,27,54,720 രൂപയാണ് )ഡിബ്രൂയിന് ലഭിക്കുന്നത്. ഇംഗ്ലണ്ടിൽ ഒരു ഫുട്‌ബോളർക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ തുകയാണ് ഇപ്പോൾ താരത്തിന് ലഭിക്കുന്നത്. എന്നാൽ സഊദി ക്ലബ് അതിനേക്കാൾ എത്രയോ ഇരട്ടി തുകയാണ് ഓഫർ ചെയ്തിരിക്കുന്നത്. ഇതാണ് ഡിബ്രൂയിനെ പ്രലോഭിച്ചിരിക്കുന്നത്.
കരിയറിൽ രണ്ട് വർഷം സഊദിയിൽ കളിക്കുയാണെങ്കിൽ 15 വർഷത്തെ കരിയറിൽ ഞാൻ ഉണ്ടാക്കിയതിനെക്കാൾ പണം അവിടെ നിന്ന് ലഭിക്കും. അതിനാൽ ഞാൻ അടുത്തത് എന്ത് ചെയ്യുമെന്ന് നിങ്ങൾക്ക് ചിന്തിക്കാം. എന്നാൽ ഇപ്പോൾ ഞാൻ അതിനെ കുറിച്ച് തീരുമാനമെന്നും കൈക്കൊണ്ടിട്ടില്ല. ഡിബ്രൂയിൻ വ്യക്തമാക്കി. 2015ലായിരുന്നു ജർമൻ ക്ലബായ വോൾവ്‌സ് ബർഗിൽനിന്ന് ഡിബ്രൂയിൻ സിറ്റിയിലെത്തിയത്. പിന്നീട് സിറ്റിയുടെ മധ്യനിരിയിലെ പ്രധാനിയായ ഡിബ്രൂയിൻ ഇംഗ്ലീഷ് ക്ലബിന്റെ പല കിരീട നേട്ടത്തിന് പിന്നിലെയും പ്രധാനിയായിരുന്നു.