തണുത്ത കാറ്റിനൊപ്പം കേരള ഫുട്‌ബോളിന്റെ ആവേശക്കാറ്റും അടിച്ചൂവീശിയ രാത്രിയായിരുന്നു ഹൈദരബാദാൽ ഇന്നലെ. സന്തോഷ് ട്രോഫിയിൽ തുടർച്ചയായ നാലാം ജയം നേടിയ കേരളം കൊടുങ്കാറ്റായി രൂപം പ്രാപിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ഡൽഹിയെയാണ് കേരളം തോൽപ്പിച്ചത്. ഷിൻജിത്, നസീബ് റഹ്മാൻ, എം. മനോജ്, ക്രിസ്റ്റി ഡേവിസ് എന്നിവരെ ആദ്യ ഇലവൽ ഉൾപ്പെടുത്തി സഞ്ജുവിന്റെ നേതൃത്വത്തിലായിരുന്നു കേരളം കളത്തിലിറങ്ങിയത്. ആദ്യ മൂന്ന് മത്സരത്തിന്റെയും വിജയത്തിന്റെ ആത്മിവിശ്വാസത്തിൽ പന്തു തട്ടിത്തുടങ്ങിയ കേരളം മികച്ച നീക്കങ്ങളുമായി തുടക്കം മുതൽ തന്നെ കളംനിറഞ്ഞുകളിച്ചു. 16ാം മിനുട്ടിൽ നസീബ് റഹ്മാനായാരുന്നു കേരളത്തിനായി ആദ്യ ഗോൾ നേടിയത്. ഒരു ഗോൾ നേടിയതോടെ ആത്മിവിശ്വാസം വർധിച്ച കേരളം മികച്ച നീക്കങ്ങളുമായി ഡൽഹിയുടെ പോസ്റ്റിലേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്നു. അതിനിടെ ലഭിച്ച അവസരത്തിലെല്ലാം കൗണ്ടർ അറ്റാക്കുമായി ഡൽഹി താരങ്ങൽ കേരള പ്രതിരോധ താരം സഞ്ജുവിനെയും ഗോൾകീപ്പർ ഹജ്മലിനെയും പരീക്ഷിച്ചുകൊണ്ടിരുന്നു. മത്സരം പുരോഗമിക്കവെ കേരളത്തിന്റെ രണ്ടാം ഗോളും ഡൽഹിയുടെ വലയിലെത്തി. ഇത്തവണ ജോസഫ് ജസ്റ്റിനായിരുന്നു ഗോൾ നേടിയത്. 32ാം മിനുട്ടിലായിരുന്നു കേരളത്തിന്റെ രണ്ടാം ഗോൾ. രണ്ട് ഗോൾ നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത കേരളം അധികം വൈകാതെ മൂന്നാം ഗോളും എതിരാളിയുടെ വലയിലെത്തിച്ചു. 40ാം മിനുട്ടിൽ മുന്നേറ്റതാരം ഷിജിത്തായിരുന്നു മൂന്നാം ഗോൾ നേടിയത്. രണ്ടാം പകുതിയിലും കൂടുതൽ ഗോൾ കേരളം ശക്തമായ നീക്കങ്ങൾ നടത്തിയെങ്കിലും രണ്ടാം പകുതിക്ക് ശേഷം ഡൽഹി പ്രതിരോധം ശക്തിപ്പെടുത്തിയതോടെ കേരളത്തിന്റെ മുന്നേറ്റങ്ങൽ പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തിലെ നാലു മത്സരത്തിലും ജയിച്ചതോടെ കേരളത്തിന് 12 പോയിന്റായി. നാളെ ഉച്ചക്ക് 2.30ന് തമിഴ്‌നാടിനെതിരേയാണ് കേരളത്തിന്റെ ഗ്രൂപ്പ്ഘട്ടത്തിലെ അവസാന മത്സരം. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് മേഘാലയ ഗോവയെ തോൽപ്പിച്ചു. തമിഴ്‌നാട് ഒഡിഷ മത്സരം 1-1 എന്ന സ്‌കോറിന് അവസാനിച്ചു.