രഞ്ജി ട്രോഫിയിലെ രണ്ടാം മത്സരത്തിൽ കേരളത്തിന് മികച്ച തുടക്കം. കർണാടകക്കെതിരായ മത്സരത്തിൻ്റ ആദ്യ ദിനം പകുതിയും മഴയെടുത്തെങ്കിലും ആദ്യം ബാറ്റ് ചെയ്യുന്ന കേരളം വിക്കറ്റ് നഷ്ടപ്പെടാതെ 88 റൺസ് എന്ന നിലയിലാണ്. ടോസ് നേടിയ കർണാടക ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
57 റൺസോടെ രോഹൻ കുന്നുമ്മലും 31 റൺസുമായി വത്സൽ ഗോവിന്ദുമാണ് ക്രീസിൽ. മഴയെ തുടർന്ന് വൈകി തുടങ്ങിയ മത്സരത്തിൽ 23 ഓവർ മാത്രമാണ് ആദ്യ ദിവസം എറിയാനായത്. വൈകി തുടങ്ങിയ മത്സരത്തിൽ ആക്രമണോൽസുക ശൈലിയിൽ ബാറ്റ് വീശിയ രോഹൻ കുന്നുമ്മൽ 74 പന്തിൽ ഒൻപത് ഫോറും ഒരു സിക്‌സുമടക്കമാണ് 57 റൺസെടുത്തത്. നാല് ഫോറടങ്ങുന്നതായിരുന്നു വത്സൽ ഗോവിന്ദിന്റെ ഇന്നിങ്‌സ്. കഴിഞ്ഞ മത്സരത്തിൽ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് കേരളം കർണാടയ്‌ക്കെതിരെ കളിക്കാൻ ഇറങ്ങിയത്.
സഞ്ജു സാംസൺ കേരളത്തിന് വേണ്ടി ഈ മത്സരത്തിൽ കളിക്കുന്നുണ്ട്. നിതീഷ് എം.ഡി, കെ.എം ആസിഫ് എന്നിവരെയും ടീമിൽ ഉൾപ്പെടുത്തി. കഴിഞ്ഞ മത്സരത്തിൽ കളിച്ച വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രൻ, സൽമാൻ നിസാർ എന്നിവർക്ക് പകരമാണ് ഇവരെ ഉൾപ്പെടുത്തിയത്. ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ നേടിയ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം കർണാടകയ്‌ക്കെതിരെ ഇറങ്ങിയത്. ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചു വന്നായിരുന്നു പഞ്ചാബിനെതിരെ കേരളം എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്.