സൂപ്പർ ലീഗ് കേരളയിൽ തോൽവി അറിയാതെ മുന്നേറിയ കാലിക്കറ്റിന് ആദ്യമായി കാലിടറിയപ്പോൾ തൃശൂരിന് ആശ്വാസത്തിന്റെ ആദ്യ ജയം. മുന്നേറ്റവും പ്രതിരോധവും ഒത്തുചേർന്ന മാജിക് പുറത്തെടുക്കാൻ തൃശൂരിന് ഒൻപതാം മത്സരം വരെ കാത്തിരിക്കേണ്ടി വന്നു. ലീഗിലെ ഒന്നാം സ്ഥാനക്കാരുമായുള്ള ഏറ്റുമുട്ടലിൽ മികച്ച കളി പുറത്തെടുത്താണ് തൃശൂർ ആദ്യ ജയം നേടിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് തൃശൂരിന്റെ ജയം.
കെ.പി ഷംനാദാണ് (11) തൃശൂരിനായി ഗോൾ നേടിയത്. 4-4-2 ശൈലിയിലാണ് കാലിക്കറ്റിനെ വിന്യസിച്ചത്. പ്രതിരോധത്തിന് പ്രാധാന്യം നൽകി 5-3-2 ശൈലിയിലാണ് തൃശൂർ ഇറങ്ങിയത്. 11ാം മിനുട്ടിൽ തൃശൂരിന്റെ മാജിക്. വലത് വിങ്ങിൽ നിന്ന് ജസ്റ്റിൻ ജോർജ് നൽകിയ ത്രോ ബോളിന് കെ.പി ഷംനാദിന്റെ മനോഹരമായ ഹെഡർ. കാലിക്കറ്റിന്റെ പ്രതിരോധം മറികടന്ന് പന്ത് വലയിൽ പതിച്ചു. ആശ്വാസ ജയം തേടിയിറങ്ങിയ തൃശൂരിന് ആത്മവിശ്വാസം പകർന്ന ഗോൾ.
സ്‌കോർ (1-0). 19ാം മിനുട്ടിൽ തൃശൂരിന്റെ രണ്ടാം ഗോളിനായുള്ള ശ്രമം. ആദിലിന്റെ ഹെഡറർ വിഷാൽ ജൂൺ കൈപിടിയിലൊതുക്കി. പ്രതിരോധവും ആക്രമണവും ഒന്നിച്ച് പുറത്തെടുത്തായിരുന്നു തൃശൂരിന്റെ മുന്നേറ്റം. രണ്ടാം പകുതിയിൽ ഏണസ്റ്റ് ബർഫോയെ പിൻവലിച്ച് റാഫേൽ റസന്റെയെ കളത്തിലിറക്കി കാലിക്കറ്റിന്റെ പരീക്ഷണം. മത്സരഫലം മുന്നോട്ടുള്ള യാത്രയെ ബാധിക്കില്ലെങ്കിലും തോൽവി അറിയാത്ത ടീമെന്ന ഖ്യാതി നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു കാലിക്കറ്റ്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ മികച്ച അവസരങ്ങൾ കാലിക്കറ്റിനെ തേടിയെത്തി. 56ാം മിനുട്ടിൽ ഫ്രീകിക്ക്. മൈതാനത്തിന്റെ മധ്യത്തിൽ നിന്ന് ഗനി നിഗം തൊടുത്തുവിട്ട പന്ത് അളന്നുമുറിച്ച് വലത് വിങ്ങിൽ നിന്ന് അബ്ദുൽ ഹക്കുവിന്റെ ഹെഡറർ തൃശൂരിന്റെ ജസ്റ്റിൻ ജോർജ് തട്ടിയകറ്റി. തൃശൂർ ആഷിഫിന് പകരക്കാരനായി ബെലകിനെ കളത്തിലിറക്കി. 72ാം മിനുട്ടിൽ ഇടത് വിത്തിൽ നിന്ന് ബെൽഫോർട്ട് നൽകിയ പന്ത് നിയ പോസ്റ്റിലേക്ക് തൊടുത്തെങ്കിലും സഹതാരത്തിന്റെ ദേഹത്ത് തട്ടി പുറത്തേക്ക്.
കാലിക്കറ്റിനെ വിറപ്പിച്ച് തൃശൂരിന്റെ രണ്ടാം ഗോൾ ശ്രമം പാഴായി. 81ാം മിനിട്ടിൽ അലക്‌സ് സാന്റോസിനെ വീഴ്ത്തിയതിന് തൃശൂരിന് അനുകൂലമായ പെനാൽറ്റി. ലൂകാസിന്റെ ഷോട്ട് ബാറിൽ തട്ടി അവസരം നഷ്ടമായി. സമനില പിടിക്കാനുള്ള ശ്രമത്തിലായിരുന്നു കാലിക്കറ്റ്. അധിക സമയത്തും ഇരു പോസ്റ്റുകളിലും ഗോളവസരങ്ങൾ തുറന്നെങ്കിലും മത്സരത്തിലെ രണ്ടാം ഗോൾ പിറന്നില്ല.