ആദ്യ ടെസ്റ്റ് കയ്യിൽനിന്ന് പോയ ഇന്ത്യ രണ്ടാം ടെസ്റ്റിലെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കി ഇന്ത്യ രണ്ടാം ടെസ്റ്റിലും കിവികൾക്ക് മുന്നിൽ അടിയറവ് പറഞ്ഞതോടെ പരമ്പര 2-0ത്തിന് ന്യൂസിലൻഡ് സ്വന്തമാക്കി. 113 റൺസിനാണ് പൂനെ ടെസ്റ്റിൽ ഇന്ത്യ കിവീസിനോട് അടിയറവ് പറഞ്ഞത്. ന്യൂസിലൻഡിന്റെ ഇന്ത്യൻ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഒന്നാം ഇന്നിങ്‌സിൽ 259 റൺസെടുത്തപ്പോൾ ഇന്ത്യ156 റൺസാണ് ഒന്നാം ഇന്നിംഗ്‌സിൽ അടിച്ചുകൂട്ടിയത്. ന്യൂസിലൻഡ് രണ്ടാം ഇന്നിങ്‌സിൽ 255 റൺസ് നേടി ഇന്ത്യക്ക് 359 റൺസ് വിജയലക്ഷ്യം നൽകി.വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ 245 റൺസിന് പുറത്തായി. രണ്ടാം ഇന്നിംഗ്‌സിൽ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യക്കായി കൂടുതൽ റൺസ് നേടിയത്.
65 പന്തിൽ 9 ബൗണ്ടറിയും മൂന്ന് സിക്‌സും സഹിതം 77 റൺസാണ് താരം നേടിയത്. രോഹിത് (8), കോഹ്‌ലി (17), ശുഭ്മാൻ ഗിൽ (23), സർഫറാസ് ഖാൻ (9), വാഷിംഗ്ടൺ സുന്ദർ (21) എന്നിവർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. രവീന്ദ്ര ജഡേജ പ്രതിരോധിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും 40 റൺസുമായി താരത്തിന് മടങ്ങേണ്ടി വന്നു. 65 പന്തിൽ 50 റൺസായിരുന്നു ജഡേജയുടെ സമ്പാദ്യം. മിച്ചൽ സാന്റ്‌നറിന്റെ തീ തുപ്പുന്ന ബൗളിങ്ങായിരുന്നു ഇന്ത്യയെ തരിപ്പണമാക്കിയത്.
29 ഓവറിൽ 104 റൺസ് വഴങ്ങി ഇന്ത്യയുടെ പ്രധാനപ്പെട്ട ആറു വിക്കറ്റുകളായിരുന്നു സാന്റ്‌നർ വീഴ്ത്തിയത്. ഗ്ലെൻ ഫിലിപ്‌സ് ഒരു വിക്കറ്റും നേടി. നേരത്തെ ഡെവൺ കോൺവെയുടെ (76), രച്ചിൻ രവീന്ദ്ര (56) എന്നിവരുടെ മികവിൽ ന്യൂസിലൻഡ് ഒന്നാം ഇന്നിങ്‌സിൽ 259 റൺസെടുത്തിരുന്നു. ഒന്നാം ഇന്നിങ്‌സിൽ ഏഴു വിക്കറ്റ് വീഴ്ത്തിയതിനു പിന്നാലെ രണ്ടാം ഇന്നിങ്‌സിലും ആറു വിക്കറ്റ് നേടിയ മിച്ചൽ സാൻറ്‌നറാണ് ഇന്ത്യയെ ഇല്ലാതെയാക്കിയത്.
ഇന്ത്യൻ ടീമിൽ ഒരു ബാറ്റർക്കും ആദ്യ ഇന്നിംഗ്‌സിൽ 40 റൺസ് പോലും കടക്കാനായില്ല. യശസ്വി ജയ്‌സ്വാൾ 30, ശുഭ്മാൻ ഗിൽ 30, രവീന്ദ്ര ജഡേജ 38 റൺസ് നേടിയപ്പോൾ ടീമിന് 156 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. എന്നാൽ ക്യാപ്റ്റൻ ടോം ലാഥം 86, ടോം ബ്ലണ്ടൽ 41, ഗ്ലെൻ ഫിലിപ്‌സ് 48 എന്നിവരുടെ മികവിൽ ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്‌സിൽ 255 റൺസ് നേടി. നവംബർ ഒന്നിനാണ് പരമ്പരയിലെ മൂന്നാം മത്സരം.