സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാംമത്സരത്തില്‍ ഇന്ന് തൃശൂര്‍ മാജിക് എഫ.്‌സി – കണ്ണൂര്‍ വാരിയേഴ്‌സ് പോരാട്ടം. മലപ്പുറം മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍് രാത്രി 7.30 മുതലാണ് മത്സരം. മലയാളി താരങ്ങള്‍ക്കൊപ്പം വിദേശ നിരയെയും കോര്‍ത്തിണക്കിയാണ് തൃശൂരും കണ്ണൂരും കളത്തിലിറങ്ങുക.
ഒരുമാസമായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ പരിശീലനം നടത്തിയാണ് വാരിയേഴ്‌സ് കളത്തിലിറങ്ങുന്നത്. ആറു വിദേശ താരങ്ങളാണ് കണ്ണൂര്‍ സ്‌ക്വാഡില്‍ ഇടംപിടിച്ചത്. സ്പാനിഷ് പരിശീലകനും താരങ്ങളുമാണ് ടീമിന്റെ കരുത്ത്. മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് മുറിയാസിനുപുറമെ മുന്നേറ്റക്കാരന്‍ അഡ്രിയാന്‍ സാര്‍ഡിനെറോ, ഐസ്യര്‍ ഗോമസ് അല്‍വാരസ്, ഡേവിഡ് ഗ്രാന്‍ഡേ, പ്രതിരോധക്കാരന്‍ അല്‍വാരസ് ഫെര്‍ണാണ്ടസ്, വിങ്ങര്‍ എലോയ് ഒര്‍ഡോണസ് മ്യൂനിസ് എന്നിവരാണ് ടീമിലെ സ്പാനിഷ് സാന്നിധ്യം. 10 മലയാളി താരങ്ങളില്‍ നാലുപേര്‍ മലപ്പുറത്തുകാരാണ്. ചേലേമ്പ്ര സ്വദേശിയായ പി.എ അജ്മല്‍, പെരിന്തല്‍മണ്ണ സ്വദേശി ലിയാഖത്ത് അലിഖാന്‍, കൊണ്ടോട്ടി സ്വദേശി എന്‍.പി.അക്ബര്‍ സിദ്ദീഖ്, വെളിയങ്കോട് സ്വദേശി മുഹമ്മദ് റിഷാദ് ഗഫൂര്‍ എന്നിവരാണ് കണ്ണൂര്‍ പടയിലെ മലപ്പുറം പോരാളികള്‍. തിരുവനന്തപുരം പുല്ലുവിള സ്വദേശി അബിന്‍ ആന്റണി, എറണാകുളം കോലഞ്ചേരി ജി.എസ്.ഗോകുല്‍, വയനാട് അമ്പലവയല്‍ സ്വദേശികളായ പി. നജീബ്, സി.വി.അജയ്, കണ്ണൂര്‍ കുഞ്ഞിമംഗലം ടി.കെ.അശ്വിന്‍ കുമാര്‍, തൃശൂര്‍ ആറ്റൂര്‍ സ്വദേശി മുഹമ്മദ് അമീന്‍ എന്നിവരും മലയാളി താരനിരയാണ്.
മുന്‍ ഇന്ത്യന്‍ താരം സി കെ വിനീതിന്റെ നായകത്വത്തിലാണ് തൃശൂര്‍ കളത്തിലിറങ്ങുക. ടീമിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് പയ്യനാട്. ഇറ്റലിക്കാരന്‍ ജിയോവാനി സ്‌കാനു മുഖ്യപരിശീലകന്റെ കുപ്പായമണിയുമ്പോള്‍ കേരളത്തിന് മികച്ച വിജയങ്ങള്‍ സമ്മാനിച്ച സതീവന്‍ ബാലനാണ് സഹപരിശീലകന്‍. ബ്രസീലുകാരായ മുന്നേറ്റക്കാരന്‍ മാഴ്‌സെലോ ടോസ്‌കാനോ, പ്രതിരോധക്കാരന്‍ മാലിസണ്‍ ആല്‍വെസ്, കാമറൂണ്‍ മധ്യനിരക്കാരന്‍ ബെലെക് ഹെര്‍മന്‍ എന്നിവരില്‍ പ്രതീക്ഷ പുലര്‍ത്തുന്നു. ടീമില്‍ 14 പേര്‍ മലയാളി താരങ്ങളാണ്. ഇതില്‍ അഞ്ച് പേര്‍ മലപ്പുറം സ്വദേശികള്‍. പി.എ ആഷിഫ്, പി.പി സഫ്‌നീദ്, കെ.പി ഷംനാദ്, ജസീല്‍, കെ.വിഷ്ണു രാജേഷ് എന്നിവരാണ് മലപ്പുറംകാര്‍. തൃശൂര്‍ സ്വദേശികളായ ജെയ്മി ജോയ്, അര്‍ജുന്‍ മാക്കോത്ത് മോഹനന്‍, പി.സി അനുരാഗ്, വി.ആര്‍ സുജിത്ത്, യൂനസ് റഫീഖ്, വയനാട് സ്വദേശികളായ ഗിഫ്റ്റി പി. ഗ്രേഷ്യസ്, മുഹമ്മദ് സഫ്‌നാദ്, കണ്ണൂര്‍ സ്വദേശിയായ സി.കെ.വിനീത്, കാസര്‍കോട് സ്വദേശിയായ പി.ആദില്‍ എന്നിവരും ടീമിലെ മലയാളി സാന്നിധ്യമാണ്.