സീസണിലെ ആദ്യ ജയമെന്ന മോഹവുമായി ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിലെ ആദ്യമത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ഇന്ന് കളത്തിലിറങ്ങുന്നു. കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്. ഐ.എസ്.എല്ലിൽ ഒരു സീസണിന്റെ മാത്രം ബാല്യമുള്ള പഞ്ചാബ് എഫ്.സിയാണ് എതിരാളികൾ. തിരുവോണനാളിൽ അങ്കത്തിനിറങ്ങുന്ന കൊമ്പന്മാർക്ക് പത്ത് സീസണിലും കൈയിലൊതുക്കാൻ കഴിയാതെ പോയ കീരിടമാണ് ഇത്തവണയും ലക്ഷ്യം. തിരുവോണ നാളിൽ ജയത്തോടെ സീസൺ തുടങ്ങാമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സീസണിൽ പ്ലേഓഫിൽ തകർന്ന ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പുതിയ പരിശീലകനും പുതിയ ടീമുമായിട്ടാണ് സൂപ്പർലീഗിലെ കന്നിയങ്കത്തിനിറങ്ങുന്നത്. മൂന്ന് സീസണുകളിൽ മഞ്ഞപ്പടയ്ക്ക് തന്ത്രമൊരുക്കിയ ഇവാൻ വുകോമനോവിച്ചിന് പകരം സ്വീഡിഷ് പരിശീലകൻ മികായേൽ സ്റ്റാറെയാണ് പുതിയ സീസണിൽ മുഖ്യപരിശീലകൻ. പ്രതിരോധത്തിലൂന്നിയ ആക്രമണശൈലിയുടെ ഉടമയായ സ്റ്റാറെ വളരെ പ്രതീക്ഷയിലാണ്. കളിക്കാർ മാറി വരും പക്ഷെ കൽപന്തുകളിയുടെ ആവേശം മായാത്തതിനാൽ വിജയം പുതിയ ടീമിലൂടെ സൃഷ്ടിക്കാമെന്നാണ് സ്്റ്റാറെ പറയുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ കളിക്കാർക്കൊപ്പം സ്റ്റാറെയ്ക്ക്് ആരാധകരിലും വലിയ മതിപ്പാണ്.ഇന്ന് ആദ്യ മത്സരത്തിനിറങ്ങുമ്പോൾ ടീമിന് വലിയ ആരാധക പിന്തുണയുള്ളത് ഗ്രൗണ്ടിൽ നിർണായകമാകുമെന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറെ പറയുന്നു. ടീമിന്റെ മുന്നൊരുക്കത്തിൽ പൂർണ സംതൃപ്താനാണ്. പരുക്കുകൾ ടീമിനെ അലട്ടുന്നില്ല. എല്ലാകളിക്കാരും ഇന്നത്തെ മത്സരത്തിന് ലഭ്യം. പ്രീസീസണിൽ ചില താരങ്ങൾ പരുക്കിന്റെ പിടിയിൽ പെട്ടിരുന്നു. അവരെല്ലാം ഫിറ്റ്‌നെസ് വീണ്ടെടുത്തുകഴിഞ്ഞുവെന്നും പരിശീലകൻ പറഞ്ഞു. സുരക്ഷ കാരണങ്ങൾ മുൻനിർത്തി സ്റ്റേഡിയത്തിലേക്ക് പകുതി സീറ്റുകളിലേക്ക് മാത്രമാണ് പ്രവേശനം. ആരാധാകരുടെ ആവേശമാണ് കൊച്ചിയിൽ മഞ്ഞപ്പടയുടെ മാസ്റ്റർ ഐക്കൺ. കളിക്കളത്തിലെ അച്ചടക്ക ലംഘനത്തിന് പിഴ നടപടിയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ടീം ഇപ്പോഴും കരകയറിട്ടില്ലെന്നതിന് തെളിവായി മികച്ച താരങ്ങളുടെ ഒഴിവാക്കൽ. കഴിഞ്ഞ സീസണിൽ ഒപ്പമുണ്ടായിരുന്ന ദിമിത്രിയോസ് ഡയമന്റകോസ്, മാർകോ ലെസ്‌കോവിച്ച്, ജീക്‌സൺ സിങ് തുടങ്ങിയ പ്രധാന താരങ്ങൾ ടീം വിട്ടുപോയി. എഫ്.സി ഗോവയിൽ നിന്നെത്തിയ മൊറോക്കൻ മുന്നേറ്റക്കാരൻ നോഹ സദോയ് ആണ് ക്യാംപിന്റെ പുതിയ കരുത്ത്. ലെഫ്റ്റ് വിങിൽ സദോയ്് പ്രഹരായുധമായി മാറുമ്പോൾ ദിമിത്രിയുടെ കുറവ് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. സ്പാനിഷുകാരൻ ജീസസ് ജിമെനെസിലും കരുത്താണ്. ഉറുഗ്വേക്കാരൻ അഡ്രിയാൻ ലൂണ തന്നെയാണ് ഈ സീസണിലും ക്യാപ്റ്റൻ. പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ചാണ് വൈസ് ക്യാപ്റ്റൻ. 53 മത്സരങ്ങളില 13 ഗോൾ നേടിയിട്ടുള്ള ലൂണ രണ്ടാം സീസണിലും ബ്ലാസ്‌റ്റേഴ്‌സിന്റെ കളി നിയന്ത്രിക്കാൻ പുൽത്തകിടിയിലെത്തുമ്പോഴും വിജയപ്രതീക്ഷകൾക്ക്്് ചിറക് മുളക്കുകയാണ്. തായ്‌ലാൻഡിലും കൊൽക്കത്തയിലുമായിരുന്നു ടീം മുന്നൊരുക്കം നടത്തിയത്. പരുക്കിൽനിന്ന് മുക്തനായ സച്ചിൻ സുരേഷ് ആയിരിക്കും ടീമിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ. നോറ ഫെർണാണ്ടസ്, സോം കുമാർ എന്നിവരാണ് ടീമിലെ മറ്റു ഗോൾകീപ്പർമാർ.
കഴിഞ്ഞ സീസണിൽ ഐ ലീഗ് ചാംപ്യൻമാരായി ഐ.എസ്.എലിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച പഞ്ചാബ് എഫ.്‌സി, ലീഗിലെ ഉത്തരേന്ത്യയിൽ നിന്നുള്ള ഏക ടീം കൂടിയാണ്. കഴിഞ്ഞ സീസണിൽ കാര്യമായ പ്രകടനം നടത്താനായില്ല. എട്ടാം സ്ഥാനത്തായിരുന്നു ഫിനിഷിങ്. പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടാണ് ഇത്തവണ ടീമിനെ ഒരുക്കിയതെന്ന് പരിശീലകൻ പനാഗിയോട്ടിസ് ഡിംപെരിസ് പറയുന്നു. ഡ്യൂറന്റ് കപ്പിൽ പഞ്ചാബ് ക്വാർട്ടർ ഫൈനൽ കളിച്ചിരുന്നു.