പുതിയ പരിശീലകനെ നിയമിച്ച് പുത്തൻ പ്രതീക്ഷകളുമായി അടുത്ത സീസണിനെ വരവേൽക്കാനിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. എന്നാൽ ഇവാന്‍ വുകോമനോവിച്ചിന് പിന്നാലെ വീണ്ടും ക്ലബിൽ കൊഴിഞ്ഞു പോക്ക് തുടരുന്നാണ് ഇപ്പോൾ ടീമിൻ്റെ തലവേദന.
ക്ലബ്ബിന്റെ സഹ പരിശീലകന്‍ ഫ്രാങ്ക് ഡോവനും രണ്ട് ഗോള്‍ കീപ്പര്‍മാരുമാണ് അവസാനമായി ക്ലബ്ബ് വിട്ടത്. കേരള ബ്ലാസ്റ്റേഴ്സ് ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. സഹപരിശീലകന്‍ ക്ലബ് വിട്ടതിന് തൊട്ടുപിന്നാലെയാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ട് ഗോള്‍ കീപ്പര്‍മാരും ക്ലബ് വിടുന്നതായി അറിയിച്ചത്. കരണ്‍ജിത് സിങും ലാറ ശര്‍മയുമാണ് ക്ലബ് വിട്ട ഗോള്‍കീപ്പര്‍മാര്‍.
2022ലായിരുന്നു ഡോവന്‍ ബ്ലാസ്റ്റേഴ്സിലെത്തിയത്. ഗോള്‍ കീപ്പറായ കരണ്‍ജിത് സിങ്ങ് 2021ലായിരുന്നു ബ്ലാസ്റ്റേഴ്സിലെത്തിയത്. ബ്ലാസ്റ്റേഴ്സിനായി ഒന്‍പത് മത്സരങ്ങളില്‍ മാത്രമേ 38 കാരനായ കരണ്‍ജിത് കളത്തിലിറങ്ങിയിട്ടുള്ളു. ബംഗളൂരു എഫ്.സിയില്‍നിന്ന് ലോണടിസ്ഥാനത്തില്‍ എത്തിയ ലാറ ശര്‍മ ഇന്നലെ രാത്രിയാണ് ക്ലബ് വിടുന്ന കാര്യം അറിയിച്ചത്. ലോണ്‍ കാലാവധി പൂര്‍ത്തിയായതോടെയാണ് ലാറ തിരിച്ചുപോകുന്നത്. അവസാന സീസണില്‍ സച്ചിന്‍ സുരേഷിന് പരുക്കായതിന് ശേഷം മൂന്ന് മത്സരത്തില്‍ മാത്രമായിരുന്നു ലാറ ബ്ലാസ്റ്റേഴ്സിന്റെ വലകാത്തത്.
ഇവാന് പകരമായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകനായി സ്വീഡിഷ് പരിശീലകന്‍ മിക്കേല്‍ സ്റ്റാറേയെ നിയമിച്ചിരുന്നു. 2026 വരെയാണ് സ്റ്റാറേയുമായി ബ്ലാസ്റ്റേഴ്സ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ഏപ്രില്‍ 26നാണ് കേരള ബ്ലാസ്റ്റേഴ്സും കോച്ച് ഇവാന്‍ വുകോമനോവിച്ചും പരസ്പര ധാരണയോടെ വേര്‍പിരിഞ്ഞത്. ഗ്രീക്ക് താരം ദിമിത്രിയോസിന് ആശംസകള്‍ നേരാനും ബ്ലാസ്റ്റേഴ്സ് മറന്നില്ല. അടുത്ത സീസണിന് മുന്നോടിയായി ബ്ലാസ്റ്റേഴ്സ് മികച്ച ഗോള്‍കീപ്പര്‍മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍. പരുക്കേറ്റ മലയാളി ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷ് പരുക്കില്‍നിന്ന് മുക്തനാകുന്നതേ ഉള്ളൂ. ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിലാണ് താരം.