ഇന്ത്യക്ക് പരമ്പര
യശസ്വി ജയ്‌സ്വാളിന്റെയും ശുഭ്മാൻ ഗില്ലിന്റെയും ബാറ്റിങ്ങിന്റെ കരുത്തിൽ സിംബാബ്‌വെക്കെതിരേയുള്ള നാലാം ടി20യിൽ ഇന്ത്യക്ക് പത്തു വിക്കറ്റ് ജയം. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങുന്ന പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. സഞ്ജു സാംസൺ, യശസ്വി ജെയ്‌സ്വാൾ എന്നിവരെ ഉൾപ്പെടുത്തിയായിരുന്നു ആദ്യ ടീം ഇറങ്ങിയത്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റു ചെയ്ത സിംബാബ്‌വെ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. ബൗളർമാരുടെ കൃത്യതതയോടെയുള്ള ബൗളിങ്ങും ഫീൽഡിൽ തിളങ്ങിയതുമായിരുന്നു സിംബാബ്‌വെയെ ചേസ് ചെയ്യാവുന്ന സ്‌കോറിൽ ഒതുക്കിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 15.2 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 156 റൺസെടുത്തായിരുന്നു പത്തു വിക്കറ്റിന്റെ മിന്നും ജയം നേടിയത്. 53 പന്തിൽ 93 റൺസുമായി യശസ്വി ജെയ്‌സ്വാൾ, 39 പന്തിൽ 58 റൺസുമായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ എന്നിവർ ഔട്ടാകാതെ നിന്നു.
28 പന്തിൽ 46 റൺസെടുത്ത സിക്കന്തർ റാസയാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറർ. ദേശ്പാണ്ഡെയുടെ പന്തിൽ ശുഭ്മാൻ ഗിൽ ക്യാച്ച് ചെയ്തായിരുന്നു റാസ പുറത്തായത്. ഓപണർ മാധവരെ 24 പന്കിൽ 25 റൺസ് നേടിയപ്പോൾ കൂട്ടിനുണ്ടായിരുന്ന മറുമാണി 31 പന്തിൽ 32 റൺസുമായി പുറത്തായി. ബ്രിയാൻ ബെന്നറ്റ് (9), ജോനാഥൻ കാംപൽ (3), ഡിയോൺ മിറസ് (12), ക്ലൈവ് മഡന്റെ (7) എന്നിങ്ങനെയാണ് സിംബാബ്‌വെയുടെ മറ്റു താരങ്ങളുടെ സ്‌കോറുകൾ.
നാല് ഓവറിൽ 32 റൺസ് വഴങ്ങി ഖലീൽ അഹ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ തുശാർ ദേശ്പാണ്ഡെ, വാഷിങ്ടൺ സുന്ദർ, അഭിഷേക് ശർമ, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. ഇന്ന് വൈകിട്ട് 4.30നാണ് പരമ്പരയിലെ നാലാം മത്സരം. ആദ്യ മത്സരത്തിൽ 13 റൺസിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തിൽ അഭിഷേക് ശർമയുടെ സെഞ്ചുറിയുടെ കരുത്തിൽ 100 റൺസിന്റെ ജയം നേടിയിരുന്നു. മൂന്നാം മത്സരത്തിൽ 23 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്നലെ പത്തു വിക്കറ്റിന് ജയിച്ചതിനാൽ ഇന്നത്തെ മത്സരത്തിലും ജയം സ്വന്തമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് നീലപ്പട.