മുംബൈ സിറ്റിയെ അവരുടെ ഹോം ഗ്രൗണ്ടിൽവീഴ്ത്തി പഞ്ചാബ് എഫ്.സി. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു പഞ്ചാബ് മുംബൈയെ മുട്ടുകുത്തച്ചത്. മത്സരത്തിൽ 65 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ചത് മുംബൈ ആയിരുന്നു. എന്നാൽ മത്സരത്തിൽ ഒരു ഗോൾ പോലും നേടാൻ അവർക്കായില്ല. ആദ്യ പകുതിയുടെ അധിക സമയത്തായിരുന്നു പഞ്ചാബിന്റെ ആദ്യ ഗോൾ പിറന്നത്.
എസക്വേൽ വിദാലിന്റെ വകയായിരുന്നു ആദ്യ ഗോൾ. ഒരു ഗോൾ നേടിയതോടെ പഞ്ചാബിന് വീര്യം വർധിച്ചു. രണ്ടാം പകുതിയിൽ ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ മുംബൈ ശക്തമായ നീക്കങ്ങൾ നടത്തുന്നതിനിടെ പഞ്ചാബ് രണ്ടാം ഗോളും നേടി. 53ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിൽനിന്ന് ലൂക്ക മെയ്‌സനായിരുന്നു പഞ്ചാബിനായി രണ്ടാം ഗോൾ മുംബൈയുടെ വലയിലെത്തിച്ചത്.
രണ്ടാം പകുതിക്ക് ശേഷം മുംബൈയുടെ മുന്നേറ്റം പഞ്ചാബിന്റെ ഗോൾലൈൻ കടന്നെങ്കിലും റഫറി കാണാത്തതിനെ തുടർന്ന് മുംബൈയുടെ ഉറപ്പായ ഗോൾ അനുവദിച്ചില്ല. 84ാം മിനുട്ടിൽ പകരക്കാരനായി കളത്തിലെത്തിയ കെംഗയുടെ ഗോൾ പഞ്ചാബിന്റെ ലീഡ് മൂന്നാക്കി ഉയർത്തി. മൂന്ന് ഗോൾ വഴങ്ങിയെങ്കിലും സ്വന്തം മൈതാനത്ത് ആശ്വാസ ഗോളെങ്കിലും നേടാൻ മുംബൈ അക്രമണം കടുപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.
ഫൈനൽ വിസിൽ ഉയർന്നപ്പോൾ മുംബൈ മൂന്ന് ഗോളിന്റെ തോൽവി ഏറ്റുവാങ്ങി മടങ്ങി. ഇന്ന് നടക്കുന്ന മത്സരത്തിൽ മുഹമ്മദൻസ് ബംഗളൂരു എഫ്.സിയെ നേരിടും. അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് 2-2ന്റെ സമനില വഴങ്ങിയാണ് ബംഗളൂരു എത്തുന്നത്. ഈസ്റ്റ് ബംഗാളിനോട് ഗോൾ രഹിത സമനിലയുമായിട്ടാണ് മുഹമ്മദിൻസിന്റെ വരവ്. അതിനാൽ ഇന്നത്തെ മത്സരത്തിൽ ഇരു ടീമുകൾക്കും ജയം അനുവാര്യമാണ്.