ആൻഫീൽഡിൽ ഇന്ന് രാത്രി 1.30ന് സ്റ്റാർ വാർ. ചാംപ്യൻസ് ലീഗിലെ ഗ്രൂപ്പ്ഘട്ട മത്സരങ്ങൾക്കായി റയൽ മാഡ്രിഡും ലിവർപൂളും തമ്മിലാണ് ഇന്ന് കൊമ്പുകോർക്കുന്നത്. നാലു മത്സരത്തിൽനിന്ന് 12 പോയിന്റുമായി ചാംപ്യൻസ് ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ലിവർപൂളും പട്ടികയിൽ 18ാം സ്ഥാനത്ത് നിൽക്കുന്ന റയൽ മാഡ്രിഡും തമ്മിലാണ് പോരിനിറങ്ങുന്നത്.
ചാംപ്യൻസ് ലീഗിൽ കളിച്ച നാലു മത്സരത്തിൽ നിന്ന് രണ്ടെണ്ണത്തിൽ ജയിച്ച റയൽ രണ്ടെണ്ണത്തിൽ തോൽക്കുകയും ചെയ്തു. ഇതായിരുന്നു സ്പാനിഷ് വമ്പൻമാർക്ക് തിരിച്ചടിയായത്. ലാലിഗയിലും ഫോം കണ്ടെത്താനാവാത്ത റയൽ അവിടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ലാലിഗയിൽ അവസാനമായി നടന്ന മത്സരത്തിൽ ലഗാനസിനെതിരേ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം നേടിയാണ് റയൽ മാഡ്രിഡ് എത്തുന്നത്.
ഇന്നത്തെ മത്സരത്തിൽ ആൻഫീൽഡിൽ ലിവർപൂളിനെ വീഴ്ത്തുക എന്നത് റയലിന് കനത്ത വെല്ലുവിളിയാണ്. പരുക്ക് കൊണ്ട് വലയുന്ന റയൽ മാഡ്രിഡിൽനിന്ന് ഒരുപാട് താരങ്ങൾ പുറത്താണ്. റോഡ്രിഗോ, മിലിഷ്യാവോ, ഡേവിഡ് അലാബ, ലൂക്കാസ് വസ്‌കാസ്, ഡാനി കർവഹാൾ, ഒറിലയൻ ടുഷമേനി എന്നിവരെല്ലാം പരുക്കിന്റെ പിടിയിലാണ്. അതിനാൽ ഇന്നത്തെ
മത്സരത്തിൽ ലിവർപൂളിനെ അവരുടെ തട്ടകത്തിൽ വീഴ്ത്തണമെങ്കിൽ ആൻസലോട്ടിക്കും സംഘത്തിനും അൽപം വിയർക്കേണ്ടി വരും. പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ലിവർപൂൾ മികച്ച ആത്മവിശ്വാസത്തിലാണ്. രണ്ടാം സ്ഥാനത്തുള്ള സിറ്റിയുമായി എട്ടു പോയിന്റിന്റെ വിത്യാസത്തിലാണ് ഇപ്പോൾ ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
പ്രീമിയർ ലീഗിൽ അവസാനമായി നടന്ന ഏവേ മത്സരത്തിൽ സൗതാംപ്ടണെ 3-2 എന്ന സ്‌കോറിന് തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ലിവർപൂൾ ഇന്ന് സ്വന്തം തട്ടകത്തിൽ റയൽ മാഡ്രിഡിനെ നേരിടുന്നത്. ഇതേസമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തിൽ ആസ്റ്റൺവില്ലയും യുവന്റസും തമ്മിലാണ് പോരിനിറങ്ങുന്നത്. മറ്റൊരു മത്സരത്തിൽ മൊണോക്കോ ബെൻഫിക്കയുമായി കൊമ്പുകോർക്കും.
ക്രൊയേഷ്യൻ ക്ലബായ ഡൈനാമോ സഗ്രബ് ജർമൻ ശക്തികളായ ഡോർട്മുണ്ടിനെ നേരിടും. രാത്രി 11.15ന് നടക്കുന്ന മത്സരത്തിൽ എസ്.കെ ഗ്രാസ് സ്പാനിഷ് ക്ലബായ ജിറോണയെ നേരിടും.