ഐ.എസ്.എല്ലിൽ വിജയവഴിയിൽ തിരിച്ചെത്തി ജംഷഡ്പുർ എഫ്.സി. ഇന്നലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്.സിയെയാണ് ജംഷഡുപുർ തോൽപ്പിച്ചത്. 2-1 എന്ന സ്‌കോറിനായിരുന്നു ആതിഥേയരുടെ ജയം. ഹാവിയർ സിവേറിയുടെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു ജംഷഡ്പുരിന്റെ ജയം. 46ാം മിനുട്ടിൽ ഇസക്വേൽ വിദാലായിരുന്നു പഞ്ചാബിനായി ലക്ഷ്യം കണ്ടത്.
10 മത്സരത്തിൽനിന്ന് 18 പോയിന്റുള്ള പഞ്ചാബ് പട്ടികയിൽ അഞ്ചാം സ്ഥാനത്തും ഇത്രയും മത്സരത്തിൽനിന്ന് 18 പോയിന്റുള്ള ജംഷഡ്പുർ ആറാം സ്ഥാനത്തുമുണ്ട്.
ഐ ലീഗ്: ഡെമ്പോക്ക് ജയം
ഐ ലീഗിൽ ഡെമ്പോക്ക് ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ശ്രീനിധി ഡക്കാനെയായിരുന്നു ഡെമ്പോ തോൽപ്പിച്ചത്. എട്ടാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിൽനിന്ന് ക്രിസ്റ്റ്യൻ പെരസായിരുന്നു വിജയഗോൾ നേടിയത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ജയം പ്രതീക്ഷിച്ച് ഡക്കാൻ ശ്രീനിധി ശക്തമായ നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ മടക്കാൻ കഴിഞ്ഞില്ല.
ഇതോടെ മത്സരത്തിൽ തോൽവി സമ്മതിക്കുകയായിരുന്നു. അഞ്ച് മത്സരത്തിൽനിന്ന് പത്തു പോയിന്റുള്ള ഡെമ്പോയാണ് ഇപ്പോൾ പട്ടികയിൽഓന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഇത്രയും മത്സരത്തിൽനിന്ന് ആറു പോയിന്റുള്ള ശ്രീനിധി അഞ്ചാം സ്ഥാനത്തുമുണ്ട്. ഡൽഹി-ബംഗളൂരു മത്സരം 2-2 എന്ന സ്‌കോറിന് സമനിലയിൽ അവസാനിച്ചു. ബംഗളൂരുവിനായി തോമോയ് ഇരട്ട ഗോൾ നേടിയപ്പോൾ ഡൽഹിക്കായി സാമിർ ബിനോങ്ങും രണ്ട് ഗോളുകൾ സ്വന്തമാക്കി.