മൂന്ന് വർഷം മുൻപ് ഗാബയിലെ ക്രിക്കറ്റ് ഗ്രൗണ്ടിൽ തീർത്ത ചരിത്രത്തിന്റെ ഓർമകളിലേക്ക് ബാറ്റേന്താൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് വീണ്ടും ഓസീസിനെതിരേ കളത്തിലിറങ്ങുന്നു. കനത്ത തോൽവിയുടെ ആഘാതത്തിൽനിന്നാണ് ഇന്ത്യ ജയം തേടി ഗാബയിലെത്തുന്നത്. അഡ്‌ലെയ്ഡിലെ 10 വിക്കറ്റ് തോൽവിയുടെ നീറ്റൽ മറന്ന്, പരമ്പരയിൽ തിരിച്ചുവരവിനൊരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് മൂന്നാം മത്സരം പല കാരണങ്ങൾകൊണ്ട് നിർണായകമാണ്.
ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ സാധ്യത നിലനിർത്തുന്നതിന് ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നത് ഏറ്റവും പ്രധാനമാണ്. മൂന്ന് വർഷം മുൻപ് ഓസീസ് പരമ്പരയിൽ ഇന്ത്യയ്ക്ക് ഐതിഹാസിക വിജയം സമ്മാനിച്ച ഗാബയിലാണ് മത്സരമെന്നതിനാൽ ഇന്ത്യക്ക് അൽപം ആശ്വസിക്കാം. അന്ന് 328 റൺസ് വിജയലക്ഷ്യം കീഴടക്കിയ ഇന്ത്യൻ ടീം ഓസീസ് മണ്ണിൽ ടെസ്റ്റ് പരമ്പര വിജയത്തിന്റെ ചരിത്രമെഴുതുകയും ചെയ്തിരുന്നു.
ഓസീസ് പേസർമാരുടെ ബൗൺസറുകളെ അതിജീവിച്ച് അന്ന് ഇന്ത്യയ്ക്ക് വിജയമൊരുക്കിയ ഋഷഭ് പന്തും ശുഭ്മൻ ഗില്ലും ഇത്തവണയും ടീമിലുണ്ടെന്നത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. ഇന്നത്തെ മത്സരത്തിൽ രോഹിത് എവിടെ കളിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. മോശം ഫോമിലൂടെ കടന്ന് പോകുന്ന രോഹിതിന്റെ സ്ഥാനത്തിന്റെ കാര്യത്തിൽ ഇന്ന് മാത്രമേ കൃത്യമായ തീരുമാനമുണ്ടാകൂ.
അഡ്‌ലെയ്ഡിൽ ആറാം നമ്പറിലായിരുന്നു രോഹിത് ഇറങ്ങിയത്. അന്ന് ഈ പരീക്ഷണം പാളിയിരുന്നു. അതിനാൽ ആദ്യ നാലിനുള്ളിൽ രോഹിതിനെ പ്രതീക്ഷിക്കാം. തുടരെ രണ്ടാം ജയമെന്ന ലക്ഷ്യത്തോടെയാണ് പാറ്റ് കമ്മിൻസിന്റെ ആസ്‌ത്രേലിയ കച്ചമുറുക്കുന്നത്. അഞ്ചു മൽസരങ്ങളുടെ പരമ്പരയിൽ ഇരുടീമുകളും ഓരോ ജയം വീതം നേടി 1-1ന് ഒപ്പമാണുള്ളത്.
പെർത്തിൽ ഇന്ത്യ 295 റൺസിനു ജയിച്ചു കയറിയപ്പോൾ അഡ്‌ലെയ്ഡിലെ പിങ്ക് ബോൾ ടെസ്റ്റിൽ ഓസീസ് പത്തു വിക്കറ്റിന്റെ വിജയമാഘോഷിക്കുകയും ചെയ്തു. നിലവിലെ ബാറ്റിങ് ലൈനപ്പ് ഇന്ത്യക്ക് അത്ര പ്രതീക്ഷ നൽകുന്നതല്ല. ടോപ് ഓർഡറിൽ ബാറ്റർമാർ പ്രതീക്ഷക്കൊത്ത് ഉയർന്നാൽ മാത്രമേ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് തൂവൽ മുളക്കുകയുള്ളു.
ടീമിലെ ഏറ്റവും അനുഭവസമ്പത്തുള്ള രണ്ടു താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമയും മുൻ നായകൻ വിരാട് കോലിയും സമീപകാലത്തു അത്ര മികച്ച ഫോമിലല്ല കാണപ്പെടുന്നത്. ഓപ്പണർ യശസ്വി ജയ്‌സ്വാൾ ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിൽ സെഞ്ചുറികൾ കുറിച്ചെങ്കിലും ബാക്കിയുള്ള രണ്ടിന്നിങ്‌സുകളിലും ഡെക്കായിരുന്നു. ഇതും ഇന്ത്യക്കു തലവേദനയാണ്.
ആസ്‌ത്രേലിയയിൽ നേരത്തേ കളിച്ചപ്പോഴെല്ലാം കസറിയിട്ടുള്ള റിഷഭ് പന്തിനും കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും കാര്യമായ ഇംപാക്ടുണ്ടാക്കാനായിട്ടില്ല. ഈ തരത്തിൽ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് ഇപ്പോൾ ഒട്ടും തന്നെ ആത്മവിശ്വാസത്തിലല്ല കാണപ്പെടുന്നത്. മുഹമ്മദ് ഷമിയെപ്പോലെ ബുംറയ്‌ക്കൊപ്പം കട്ടയ്ക്കു നിന്നു പന്തെറിയാൻ സാധിക്കുന്ന ഒരു ഫാസ്റ്റ് ബൗളറില്ലെന്നതാണ് ഇന്ത്യയുടെ പ്രധാന ദൗർബല്യം.
കഴിഞ്ഞ ടെസ്റ്റിൽ മുഹമ്മദ് സിറാജ് നാലു വിക്കറ്റെടുത്തിരുന്നെങ്കിലും നന്നായി തല്ലു വാങ്ങിയിരുന്നു. ഹർഷിത് റാണയാവട്ടെ 5.5 ഇക്കോണമി റേറ്റിലാണ് റൺസ് വിട്ടുകൊടുത്തത്. വിക്കറ്റും ലഭിച്ചില്ല. ബുംറയെ അമിതമായി ആശ്രയിക്കുന്ന രീതി കാരണം ഇനിയുള്ള ടെസ്റ്റുകളിൽ ഇന്ത്യക്കു വലിയ തിരിച്ചടികൾ നേരിട്ടേക്കും.