ഐ.എസ്.എല്ലിൽ മോഹൻ ബഗാനെ വീഴ്ത്തി ബംഗളൂരു എഫ്.സി. ഇന്നലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബംഗളൂരു എഫ്.സിയുടെ ജയം. മത്സരത്തിൽ 55 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച ബംഗളൂരു മികച്ച ആത്മവിശ്വാസത്തോടെ കളിച്ചായിരുന്നു ജയം കൊയ്തത്. അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തോടെയായിരുന്നു ബംഗളൂരു മോഹൻ ബഗാനെതിരേ ഇറങ്ങിയത്.
അതേസമയം നോർത്ത് ഈസ്റ്റിനെതിരേ പൊരുതി ജയിച്ചായിരുന്നു ബഗാൻ എത്തിയത്. എന്നാൽ മത്സരത്തിന്റെ തുടക്കത്തിൽ ബംഗളൂരു നേടിയ ഗോളായിരുന്നു ബഗാന്റെ തീരുമാനങ്ങൾക്ക് തിരിച്ചടിയായത്. ഒൻപതാം മിനുട്ടിൽ എഡ്ഗർ മെൻഡസിന്റെ ഗോളിലായിരുന്നു ബംഗളൂരു മുന്നിലെത്തിയത്. ഒരു ഗോൾ നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ബംഗളൂരു അധികം വൈകാതെ രണ്ടാം ഗോളും നേടി മത്സരത്തിൽ ആധിപത്യം ഊട്ടിയുറപ്പിച്ചു.
20ാം മിനുട്ടിൽ സുരേഷ് സിങ് വാങ്ജം ആയിരുന്നു ബംഗളൂരുവിനായി രണ്ടാം ഗോൾ നേടിയത്. രണ്ടാം ഗോൾ നേടിയതോടെ മത്സരത്തിന്റെ പൂർണ നിയന്ത്രണം ബംഗളൂരുവിന്റെ കയ്യിലായി. എന്നാൽ ഗോൾ മടക്കാൻ മോഹൻ ബഗാൻ ശക്തമായി നീക്കങ്ങളുമായി കളംനിറഞ്ഞു കളിച്ചെങ്കിലും ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. രണ്ടാം പകുതിക്ക് ശേഷം ബംഗളൂരു അക്രമം കടുപ്പിച്ചു. ഒടുവിൽ അവർക്ക് അനുകൂലമായ പെനാൽറ്റി ലഭിച്ചു.
കിക്കെടുത്ത സുനിൽ ഛേത്രിക്ക് പിഴച്ചില്ല. 51ാം മിനുട്ടാലായിരുന്നു ഛേത്രി പെനാൽറ്റിയിലൂടെ ഗോൾ നേടിയത്. ഒക്ടോബർ രണ്ട് മുംബൈ സിറ്റിക്കെതിരേയാണ് ബംഗളുരുവിന്റെ അടുത്ത മത്സരം. അഞ്ചിന് മുഹമ്മദൻസ് എഫ്.സിക്കെതിരേയാണ് മോഹൻബഗാന്റെ അടുത്ത മത്സരം.