ഇന്ത്യൻ വനിതാ ലീഗ് ഫുട്‌ബോളിൽ ഗോകുലം കേരളക്ക് ജയം. ഇന്നലെ നടന്ന എവേ മത്സരത്തിലായിരുന്നു ഗോകുലം സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. 5-1 എന്ന സ്‌കോറിനായിരുന്നു ജയം. മുന്നേറ്റ താരം ഫസീലയുടെ കരുത്തിലാണ് മലബാറിയൻസിന്റെ പെൺപുലികൾ ജയിച്ചു കയറിയത്. താരം നാലു ഗോളുകളായിരുന്നു എതിരാളിയുടെ വലയിലെത്തിച്ച് ടീമിന് ആദ്യ ജയം സമ്മാനിച്ചത്.
മത്സരം തുടങ്ങി ഒന്നാം മിനുട്ടിൽതന്നെ ഫസീലയുടെ ഗോളിലൂടെ ഗോകുലം മുന്നിലെത്തി. മത്സരത്തിന്റെ 19ാം സെക്കൻഡിൽ പിറന്ന ഗോളായിരുന്നു സീസണിൽ ഇതുവരെയുള്ള വേഗതയേറിയ ഗോൾ. ആദ്യ മിനുട്ടിൽ തന്നെ ലീഡ് നേടിയതോടെ പിന്നീട് മത്സരത്തിൽ തെല്ലും സമ്മർദമില്ലാതെയായിരുന്നു ഗോകുലം താരങ്ങൾ പന്തു തട്ടിയത്. മത്സരം പുരോഗമിക്കവെ 23ാം മിനുട്ടിൽ ശ്രീഭൂമി എഫ്.സി ഗോൾ മടക്കി സമനില കണ്ടെത്തി.
എന്നാൽ സമനിലയിൽ പതറാതിരുന്ന ഗോകുലം പൊരുതിയായിരുന്നു ബാക്കി നാലു ഗോളുകളും എതിരാളിയുടെ വലയിലെത്തിച്ചത്. 41ാം മിനുട്ടിൽ ഫസീല രണ്ടാം ഗോൾ നേടി വീണ്ടും ലീഡ് നേടി. അധികം വൈകാതെ ഗോകുലത്തിന്റെ ശുഭാങ്കി മൂന്നാം ഗോൾ നേടിയതോടെ സ്‌കോർ 3-1 എന്നായി. ഇതോടെ ആദ്യ പകുതി അവസാനിച്ചപ്പോൾ രണ്ട് ഗോളിന്റെ ലീഡുമായി മത്സരം അവസാനിപ്പിക്കാൻ ഗോകുലത്തിന് കഴിഞ്ഞു.
രണ്ടാം പകുതിക്ക് ശേഷവും മലബാറിയൻസ് ഗോളടി തുടർന്നു. 56ാം മിനുട്ടിൽ പന്ത് ലക്ഷ്യത്തിലെത്തിച്ച് ഫസീല ഹാട്രിക് പൂർത്തിയാക്കുകയും ചെയ്തതോടെ മത്സരത്തിൽ മലബാറിയൻസ് സമ്പൂർണ ആധിപത്യം നേടി. പിന്നീട് പന്ത് പൂർണമായും നിയന്ത്രണത്തിലാക്കിയ ഗോകുലം വനിതകൾ 72ാം മിനുട്ടിൽ അഞ്ചാം ഗോളും എതിരാളിയുടെ വലയിലെത്തിച്ച് ഗോൾ പട്ടിക പൂർത്തിയാക്കി.
ഫസീലയുടെ വകയായിരുന്നു അഞ്ചാം ഗോൾ വന്നത്. മത്സരത്തിലുടനീളം അറ്റാക്കിങ് ഫുട്‌ബോൾ പുറത്തെടുത്തായിരുന്നു ഗോകുലം മികച്ച ജയം നേടിയത്. ഈ മാസം 26ന് ഹോപ്‌സ് ഫുട്‌ബോൾ ക്ലബിനെതിരേ കോഴിക്കോട് കോർപറേഷൻ സ്റ്റേജിയത്തിലാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. വൈകിട്ട് നാലിനാണ് മത്സരം. മൂന്ന് മത്സരത്തിൽനിന്ന് അഞ്ച് പോയിന്റുള്ള ഗോകുലം ജയത്തോടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.
മൂന്ന് മത്സരത്തിൽനിന്ന് ഒൻപത് പോയിന്റുള്ള ഈസ്റ്റ് ബംഗാളാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.