വിൻഡീസിനെ 211 റൺസിന് തോൽപ്പിച്ചു
വെസ്റ്റ് ഇൻഡീസിനെതിരേയുള്ള വനിതകളുടെ ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്ക് കൂറ്റൻ ജയം. 211 റൺസിന്റെ ജയമായിരുന്നു ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 314 റൺസാണ് നേടിയത്. 102 പന്തിൽ 91 റൺസെടുത്ത സ്മൃതി മന്ഥനയാണ് ടോപ് സകോറർ. ഏകദിനത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌കോറായിരുന്നു ഇന്ത്യൻ വനിതകൾ ഇന്നലെ വിൻഡീസിനെതിരേ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് 26.2 ഓവറിൽ 103 റൺസെടുക്കാനേ കഴിഞ്ഞുള്ളു. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ ആധികാരിക ജയമായിരുന്നു നേടിയത്. രേണുക സിങ് 10 ഓവറിൽ ഒരു മെയ്ഡൽ ഉൾപ്പെടെ 29 റൺസ് വിട്ടുനൽകി അഞ്ച് വിക്കറ്റ് വീഴ്ത്തി. പ്രിയ മിശ്ര രണ്ടും ടിറ്റാസ് സന്ദു, ദീപ്തി ശർമ എന്നിവർ ഓരോ വിക്കറ്റും നേടി. ബാറ്റിങ്ങിൽ ഹർലീൻ ഡിയോൾ (44), പ്രതിക റാവൽ (40), ഹർമൻപ്രീത് കൗർ (34), ജമീമ റോഡ്രിഗസ് (31) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 39 പന്തിൽ 21 റൺസെടുത്ത ഷമിൻ കാംപല്ലാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. 23 പന്തിൽ 13 റൺസാമ് ആലിയ അലൻ നേടിയത്. ഓപണർമാരായി എത്തിയ നായിക ഹെയ്‌ലി മാത്യൂസ്, ക്വിന ജോസഫ് എന്നിവർ പൂജ്യത്തിന് പുറത്തായി. വിൻഡീസ് നിരയിലെ ഏഴ് താരങ്ങൾ രണ്ടക്കം കാണാതെയാണ് പുറത്തായത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. നേരത്തെ വിൻഡീസിനെതിരേ മൂന്ന് മത്സരങ്ങളടങ്ങിയ ടി 20 പരമ്പര 2-1 ന് ഇന്ത്യ സ്വന്തമായിരുന്നു. നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം.