ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ഇന്ന് ജീവന്മരണ പോരാട്ടം. മൂന്നു മത്സര പരമ്പരയില്‍ നിലവില്‍ ശ്രീലങ്ക 1-0ന് മുന്നിലാണ്. ആദ്യ മത്സരം സമനിലയിലായോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ 32 റണ്‍സിന് പരാജയപ്പെട്ടു. ഇതോടെ പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ രോഹിതിനും സംഘത്തിനും ഇന്ന് വിജയം അനിവാര്യമാണ്. ഉച്ചക്ക് 2.30മുതല്‍ കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്ന് ജയിക്കാനായാല്‍ 27 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യക്കെതിരേ സ്വന്തം നാട്ടില്‍ ഒരു പരമ്പര സ്വന്തമാക്കാന്‍ ശ്രീലങ്കന്‍ സംഘത്തിനാവും. 27 വര്‍ഷത്തിനിടെ ലങ്കയില്‍ ഇന്ത്യക്ക് പരമ്പര നഷ്ടമായിട്ടില്ല. 1997ലാണ് ഇന്ത്യ അവസാനമായി ലങ്കയില്‍ പരമ്പര തോറ്റത്. അന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ നയിച്ച ഇന്ത്യയെ അര്‍ജുന രണതുംഗെയുടെ ലങ്ക 3-0 ന് കീഴടക്കി. അതിനാല്‍ ഇന്ന് ജയിച്ച് ആ ചരിത്രം തിരുത്തിക്കാതിരിക്കാനാവും ഗംഭീറും രോഹിതും തന്ത്രം മെനയുക.
ടി20 പരമ്പര തൂത്തുവാരി ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലക കരിയറിന് മികച്ച തുടക്കമിട്ടിരുന്നെങ്കിലും ഇന്ത്യന്‍ ടീം ഏകദിന പരമ്പരയില്‍ വെള്ളംകുടിക്കുകയാണ്. സീനിയര്‍ താരങ്ങളടക്കം കളിച്ചിട്ടും പരമ്പരയില്‍ഒരു വിജയം പോലും നേടാന്‍ ടീമിനായിട്ടില്ല.
മധ്യനിര ബാറ്റര്‍മാരുടെ ഫോമില്ലായ്മയാണ് ഇന്ത്യ നേരിടുന്ന പ്രധാനവെല്ലുവിളി. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ലങ്കന്‍ സ്ലോ ബൗളര്‍മാരുടെ മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ തകരുന്നതാണ് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും കണ്ടത്.
രണ്ടു മത്സരങ്ങളിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ മികച്ച തുടക്കം നല്‍കിയശേഷമാണ് മധ്യനിര നിരാശപ്പെടുത്തിയത്. ആദ്യകളിയില്‍ മൂന്നുവിക്കറ്റെടുത്ത ലെഗ് സ്പിന്നര്‍ വാനിഡു ഹസരംഗയും രണ്ടാം മത്സരത്തില്‍ ആറുവിക്കറ്റെടുത്ത ജെഫ്രി വണ്ടര്‍സെയുമാണ് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നടുവൊടിച്ചത്.
വിരാട് കോഹ്‌ലി, ശിവം ദുബെ, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ എന്നിവരുടെ മങ്ങിയ പ്രകടനത്തില്‍ ആരാധകര്‍ കലിപ്പിലാണ്. അതിനാല്‍ ഇന്ന് മാറ്റങ്ങളുമായാവും ടീം ഇറങ്ങുക.