വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യാ – പാക് പോരാട്ടം. സെമിഫൈനല്‍സാധ്യത നിലനിര്‍ത്താന്‍ ജീവന്മരണ പോരാട്ടത്തിനാണ് ടീം ഇന്ത്യ കളത്തിലിറങ്ങുന്നത്. വൈകീട്ട് 3.30 മുതല്‍ ദുബൈയിലാണ് മത്സരം.
ആദ്യമത്സരത്തില്‍ ന്യൂസീലന്‍ഡിനോടേറ്റ 58 റണ്‍സ് തോല്‍വിയുടെ ഞെട്ടലോടെയാണ് ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തില്‍ ചിരവൈരികളോട് ഏറ്റുമുട്ടാനെത്തുന്നത്. എന്നാല്‍ ആദ്യമത്സരത്തില്‍ ശ്രീലങ്കയെ 31 റണ്‍സിന് തോല്‍പ്പിച്ച ആവേശത്തിലാണ് പാകിസ്താന്‍ വരുന്നത്.
ന്യൂസിലന്‍ഡിനെതിരേ ബൗളിങ്ങിലും ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും ഇന്ത്യ പിന്നിലായിരുന്നു. ഇനിയൊരു തോല്‍വികൂടി വഴങ്ങിയാല്‍ സെമികാണാതെ പുറത്താകും. റണ്‍റേറ്റിലും ഏറെ പിറകിലുള്ള ഇന്ത്യ ഗ്രൂപ്പ എയില്‍ നിലവില്‍ അവസാന സ്ഥാനത്താണ്. അവസാനഘട്ടത്തില്‍ ടീമുകളുടെ പോയിന്റുനില തുല്യമായാല്‍ ഈ റേണ്‍റേറ്റുമായി പിടിച്ചുനില്‍ക്കാനാകില്ല.
ആദ്യമത്സരത്തില്‍ മൂന്നുസ്പിന്നര്‍മാരും മൂന്നുപേസര്‍മാരും ഉള്‍പ്പെടെ ആറുബൗളര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. ഇതോടെ, ബാറ്റിങ് ഡെപ്ത് നഷ്ടപ്പെട്ടുവെന്ന വിലയിരുത്തലുണ്ട്. സാധാരണയായി നാലാം നമ്പറില്‍ ഇറങ്ങാറുള്ള ഹര്‍മന്‍പ്രീത് കൗര്‍ മൂന്നാമതായി ഇറങ്ങിയതോടെ മധ്യനിരയിലാകെ സ്ഥാനംമാറി. ആറു ബൗളര്‍മാരുണ്ടായിട്ടും കിവീസിനെ ചെറിയ സ്‌കോറില്‍ ഒതുക്കാനുമായില്ല. അവര്‍ കുറിച്ച 160 റണ്‍സ് ഈ ലോകകപ്പിലെ ഉയര്‍ന്ന ടീം സ്‌കോറാണ്.
സാദിയ ഇഖ്ബാല്‍, നിദാ ദര്‍ എന്നിവരുള്‍പ്പെട്ട പാക് സ്പിന്‍നിര അതിശക്തമാണ്. പേസ് ഓള്‍റൗണ്ടറായ ക്യാപ്റ്റന്‍ ഫാത്തിമ സനയുടെ മികവും ടീമിന് കരുത്തേകുന്നു. എന്നാല്‍, പ്രധാന പേസ് ബൗളര്‍ ഡയാന ബെയ്ഗിന് ആദ്യമത്സരത്തിനിടെ പരിക്കേറ്റത് തിരിച്ചടിയാണ്.
ഇന്ത്യയും പാകിസ്താനും തമ്മില്‍ 15 ടി0 മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. ഇതില്‍ 12ലും ജയിച്ച ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കം.