ടി20 ലോകകപ്പിന് മുമ്പുള്ള ഇന്ത്യൻ ടീമിന്റെ ഏക സന്നാഹ മത്സരം ഇന്ന് നടക്കും. ന്യൂയോർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശാണ് രോഹിത്തിന്റെയും സംഘത്തിന്റെയും എതിരാളികൾ. ഇന്ത്യൻ സമയം രാത്രി എട്ട് മുതലാണ് മത്സരം.
എന്നാൽ മത്സരത്തിനു മുമ്പ് ഇന്ത്യക്ക് തിരിച്ചടിയേകി സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി കളിക്കില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇന്നലെ ടീമിനൊപ്പം ചേർന്ന വിരാട് ഇന്ന് കളിക്കാൻ സജ്ജമായേക്കില്ല.
ഇതോടെ മലയാളി താരം സഞ്ജു സാംസൺ മൂന്നാം നമ്പറിൽ കളത്തിലിറങ്ങിയേക്കും. ഐ. പി. എൽ സീസണിലെ മികച്ച പ്രകടനത്തോടെ ലോകകപ്പ് ടീമിൽ ഇടം നേടിയ സഞ്ജുവിന് ബംഗ്ലാദേശിനെതിരെ നിറഞ്ഞു കളിച്ചാൽ ലോകകപ്പ് മത്സരങ്ങളിൽ പ്ലെയിങ് ഇലവനിൽ സ്ഥാനം ഉറപ്പിക്കാനാകും.
ഓപ്പണിങ്ങില്‍ ക്യാപ്റ്റന്‍ രാഹിത് ശര്‍മക്കൊപ്പം യുവതാരം യശസ്വി ജയ്‌സ്വാള്‍ തന്നെയെത്തും. സൂര്യകുമാര്‍ യാദവ്, ശിവം ദുബെ റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരടങ്ങുന്ന മധ്യനിരയും ശക്തമാണ്. ജസ്പ്രീത് ബുംറ നയിക്കുന്ന ബൗളിങ് നിരയും യു.എസ്-കരീബിയന്‍ പിച്ചുകളില്‍ നിറഞ്ഞാടുമെന്നാണ് ആരാധക പ്രതീക്ഷകള്‍. മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ബുംറക്കൊപ്പമുള്ള പേസര്‍മാര്‍. കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ് ടീമില്‍ സ്‌പെഷലിസ്റ്റ് സ്പിന്നര്‍മാരായി സ്ഥാനം പിടിച്ചിട്ടുള്ളത്
രണ്ടുമാസത്തിലേറെ ഐ.പി.എല്‍ കളിച്ചശേഷമാണ് ഇന്ത്യന്‍താരങ്ങള്‍ യു.എസിലേക്കു തിരിച്ചത്. തുടര്‍ച്ചയായി ഫ്‌ലഡ്‌ലൈറ്റില്‍ കളിച്ചതിനാല്‍ പകല്‍വെളിച്ചത്തില്‍ കളിച്ചുശീലിക്കുക എന്നതിനാണ് ടീം പ്രാധാന്യംനല്‍കുന്നതെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു. ന്യൂയോർക്രോ സമയം രാവിലെ 10.30നാണ് ഇന്നത്തെ മത്സരം. രോഹിതിന്റെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ച മുന്‍പ് യു.എസിലെത്തി പരിശീലനം തുടങ്ങിയിരുന്നു. ഐ.പി.എല്‍ പ്ലേ ഓഫില്‍ കളിച്ചവര്‍ പിന്നീട് ടീമിനൊപ്പം ചേര്‍ന്നു.
ന്യൂയോര്‍ക്ക് സ്‌റ്റേഡിയത്തില്‍ ആദ്യമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ലോകകപ്പിലെ നാല് ഗ്രൂപ്പ് പോരാട്ടങ്ങളില്‍ മൂന്നും ഇന്ത്യ കളിക്കുന്ന ഈ പിച്ചിലാണ്. അതിനാല്‍ തന്നെ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യക്ക് സാഹചര്യങ്ങള്‍ വിലയിരുത്താനുള്ള അവസരം കൂടിയുണ്ട്.
ഞായറാഴ്ചയാണ് ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരിന് ഇന്ത്യ ഇറങ്ങുന്നത്. അയർലന്‍ഡാണ് എതിരാളികള്‍. പിന്നാലെ ഒന്‍പതിനാണ് ചിരവൈരികളായ പാകിസ്ഥാനുമായുള്ള പോരാട്ടം.
അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ നാളെ അമേരിക്കയും കാനഡയും കൊമ്പുകോര്‍ക്കും. ചരിത്രത്തിലാദ്യമായി 20 ടീമുകള്‍ പങ്കടുക്കുന്ന ലോകകപ്പ് എന്ന പ്രത്യേകതയും ഈ ലോകകപ്പിനുണ്ട്.
11 വര്‍ഷമായി ഒരു ഐ.സി.സി കിരീടം കിട്ടാക്കനിയായ ഇന്ത്യന്‍ ടീം ഉറച്ച കിരീട പ്രതീക്ഷയോടെയാണ് ഇത്തവണ ലോകകപ്പിനെത്തിയിരിക്കുന്നത്. മികച്ച യുവതാരങ്ങള്‍ക്ക് അവസരം നല്‍കി മികച്ച സ്‌ക്വാഡിനെയാണ് ഇന്ത്യ അമേരിക്കയിലേക്കയച്ചിട്ടുള്ളത്. പാകിസ്താനടങ്ങുന്ന എ ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍.