പകുതിയോളം സമയം മഴ കവർന്നിട്ടും ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ജയം പിടിച്ചതിനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ‘രണ്ടര ദിവസം നഷ്ടപ്പെട്ടാണ് ടീം നാലാം ദിനം പോരിനെത്തിയത്. അവരെ എത്രയും പെട്ടെന്ന് പുറത്താക്കി അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യുകയായിരുന്നു ടീമിന്റെ പദ്ധതി. അവരെ 233ല്‍ പുറത്താക്കാന്‍ സാധിച്ചു. അതിനു ശേഷം ഞങ്ങള്‍ ചിന്തിച്ചത് അടിച്ചെടുക്കാന്‍ പോകുന്ന റണ്‍സിനെ കുറിച്ചായിരുന്നില്ല. ഞങ്ങള്‍ക്ക് എത്ര ഓവര്‍ ലഭിക്കുമെന്നായിരുന്നു നോക്കിയത്.’
‘ആ പിച്ചില്‍ അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. വലിയ റിസ്‌കാണ് എടുത്തത്. അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എതിരാളികള്‍ക്ക്, ടീമിനെ ഓള്‍ ഔട്ടാക്കാന്‍ കൂടുതല്‍ അവസരം നല്‍കുന്നു. ഞങ്ങള്‍ 100, 120 റണ്‍സിനു ഓള്‍ ഔട്ടായാലും കുഴപ്പമില്ലെന്ന മനോഭാവത്തിലാണ് കളിച്ചത്’- രോഹിത് പറഞ്ഞു. ജയത്തോടെ പരമ്പര 2-0ന് തൂത്തുവാരാനും ടീം ഇന്ത്യക്കായി. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ഇന്ത്യന്‍ ടീം ഇറങ്ങുന്ന ആദ്യ ടെസ്റ്റ് പരമ്പരയായിരുന്നു ബംഗ്ലാദേശിനെതിരായ പോരാട്ടം. മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. നാലാം ദിവസം ആക്രമിച്ച് തുടങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ കളി ഇന്ത്യയുടെ വരുതിയിലാകുകയായിരുന്നു.
ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സ് 146 റണ്‍സിലൊതുക്കിയാണ്, സമനിലയെന്ന് ഉറപ്പിച്ച മത്സരം ഇന്ത്യ രണ്ടാം സെഷനില്‍ തന്നെ പിടിച്ചെടുത്തത്. അവസാന ദിനം മൊമിനുൽ ഹഖിനെ പുറത്താക്കി അശ്വിനാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ട തുടങ്ങിയത്. തകർച്ചയ്ക്കിടെയും ഷദ്മൻ ഇസ്ലാം ബംഗ്ലദേശിനായി അർധ സെഞ്ചറി തികച്ചു. നജ്മുൽ ഹുസെയ്ൻ ഷന്റോ, ലിറ്റൻ ദാസ്, ഷാക്കിബ് അൽ ഹസൻ എന്നീ മധ്യനിര താരങ്ങളെ രവീന്ദ്ര ജഡേജ വീഴ്ത്തിയതോടെ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായി. മുഷ്ഫിഖർ റഹീം മാത്രമാണ് മധ്യനിരയിൽ കുറച്ചെങ്കിലും പിടിച്ചുനിന്നത്. 47ാം ഓവറിലെ അവസാന പന്തിൽ മുഷ്ഫിഖറിനെ ജസ്പ്രീത് ബുംറ ബോൾഡാക്കി.
95 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. രണ്ട് ഇന്നിങ്‌സിലും അര്‍ധസെഞ്ച്വറി നേടിയ യശ്വസി ജയ്‌സ്വാളാണ് വെടിക്കെട്ട് ബാറ്റിങ്ങിന് തിരികൊളുത്തിയത്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങിയ ആര്‍ അശ്വിനാണ് പരമ്പരയുടെ താരം. ആര്‍ അശ്വിന്റെ ഓള്‍ റൗണ്ട് മികവിനേയും പുതുമുഖ താരം ആകാശ് ദീപിന്റെ പ്രകടനത്തെയും രോഹിത് അഭിനന്ദിച്ചു.