ബംഗ്ലാദേശിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പര ഇന്ത്യൻ ടീം തൂത്തുവാരിയിരിക്കുകയാണ്. പതിവുപോലെ തൻറെ ഒാൾറൌണ്ട് പ്രകടനം പുറത്തെടുത്ത രവിചന്ദ്രൻ അശ്വിനെയാണ് പരമ്പരയുടെ താരമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു തകർപ്പൻ റെക്കോർഡും അശ്വിൻ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പ്ലയർ ഒാഫ് ദ സീരീസ് അവാർഡ് സ്വന്തമാക്കുന്ന താരമെന്ന ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻറെ നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് അശ്വിൻ. ഇതുവരെ 11 പ്ലയർ ഒാഫ് ദ സീരീസ് അവാർഡുകളാണ് അശ്വിൻ നേടിയിട്ടുള്ളത്. മുത്തയ്യ മുരളീധരൻ 11 പ്ലയർ ഒാഫ് ദ സീരീസ് നേട്ടത്തിലെത്തിയത് 61 പരമ്പര കളിച്ചിട്ടാണ്. എന്നാൽ അശ്വിന് ഈ നേട്ടത്തിലെത്താൻ വേണ്ടിവന്നത് വെറും 42 പരമ്പരകൾ മാത്രമാണെന്നതാണ് ശ്രദ്ധേയം.
അതേ സമയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലാദ്യമായി മൂന്ന് ചാമ്പ്യൻഷിപ്പുകളിലും 50 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായും അശ്വിന്‍ മാറി. കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനം ഷാക്കിബ് അല്‍ ഹസനെ മുഹമ്മദ് സിറാജിന്‍റെ കൈകളിലെത്തിച്ചാണ് അശ്വിന്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. ചെന്നൈയില്‍ നടന്ന ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ആറ് വിക്കറ്റ് നേടിയ അശ്വിന്‍ കാണ്‍പൂരിലെ രണ്ടാം ടെസ്റ്റില്‍ ഇതുവരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 2019–21ലെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ 14 മത്സരങ്ങളില്‍ 71 വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ രണ്ടാമതായിരുന്നു അശ്വിന്‍. 2021-23ലെ ചാമ്പ്യൻഷിപ്പിലാകട്ടെ 13 മത്സരങ്ങളില്‍ നിന്ന് 61 വിക്കറ്റും അശ്വിന്‍ വീഴ്ത്തി. 2023-25 ചാമ്പ്യൻഷിപ്പില്‍ 10 ടെസ്റ്റില്‍ നിന്ന് 50 വിക്കറ്റാണ് അശ്വിന്‍റെ നേട്ടം.
വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത രണ്ടാമത്തെ താരമാണ് അശ്വിൻ. 37 മത്സരങ്ങളിൽ നിന്ന് 185 വിക്കറ്റുകൾ താരം വീഴ്ത്തിയിട്ടുണ്ട്. 43 മത്സരങ്ങളിൽ നിന്ന് 187 വിക്കറ്റെടുത്ത ആസ്ത്രേലിയയുടെ നഥാൻ ലിയോണാണ് അശ്വിന് മുന്നിലുള്ളത്.