വനിതകളുടെ ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെ തകർത്ത ഇന്ത്യക്ക് വിജയത്തുടക്കം. ഇന്ന് നടന്ന ഉദ്ഘാടന മത്സരത്തിൽ പാകിസ്ഥാനെ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യ തോൽപിച്ചത്. ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റുചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാൻ 19.2 ഓവറിൽ 108 റൺസെടുക്കാനേ കഴിഞ്ഞുള്ളു. മറുപടിക്കിറങ്ങിയ ഇന്ത്യ 14.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
കൃത്യമായ ബൗളിങ്ങിലൂടെ പാകിസ്ഥാനെ പിടിച്ചുകെട്ടാൻ ഇന്ത്യൻ താരങ്ങൾക്ക് കഴിഞ്ഞു. 35 പന്തിൽ 25 റൺസെടുത്ത സിദ്ര അമീനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറർ. ഓപണർ ഗുൽ ഫെറോസ അഞ്ചു പന്തിൽ അഞ്ചു റൺസുമായി പുറത്തായി. പൂജ വസ്ത്രാകറിനായിരുന്നു ഫെറോസയുടെ വിക്കറ്റ്. കൂടെയുണ്ടായിരുന്ന മൂനീബ അലി 11 പന്തിൽ 11 റൺസുമായി മടങ്ങി. ദീപ്തി ശർമയുടെ മികച്ച ബൗളിങ്ങാണ് ഇന്ത്യക്ക് തുണയായത്.
നാല് ഓവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റാണ് ദീപ്തി നേടിയത്. രേണുക സിങ്, പൂജ വസ്ത്രാകർ, ശ്രയങ്ക പാട്ടീൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടിക്കിറങ്ങിയ ഇന്ത്യക്ക് കാര്യങ്ങൾ അനായാസമായിരുന്നു. ഷഫാലി വർമയും സ്മൃതി മന്ഥനയും തകർത്തടിച്ചെങ്കിലും അർധ സെഞ്ചുറിക്ക് തൊട്ടകലെ ഇരുവരും വീണു.
29 പന്തിൽ 40 റൺസാണ് ഷഫാലി വർമ നേടിയത്. 31 പന്തിൽ 45 റൺസായിരുന്നു മന്ഥനയുടെ സമ്പാദ്യം. പിന്നീട് ക്രീസിലെത്തിയ ഹേമലതക്ക് കൂടുതൽ സമയം ക്രീസിൽ നിൽക്കാൻ കഴിഞ്ഞില്ല. 11 പന്തിൽ 14 റൺസുമായി താരം മടങ്ങി. പിന്നീട് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ജമീമ റോഡ്രിഗസുമായി ടീമിനെ വിജയത്തിലെത്തിച്ചത്. കൗർ അഞ്ചു റൺസെടുത്തപ്പോൾ ജമീമ മൂന്ന് റൺസും നേടി.