ന്യൂയോര്‍ക്കിലെ നാസ കൗണ്ട സ്റ്റേഡിയത്തില്‍ ബൗളര്‍മാര്‍ വിശ്വരൂപം പൂണ്ട മത്സരത്തിൽ അവസാന ഒാവറിൽ ആറ് റൺസിൻ്റെ ജയം പിടിച്ച് ഇന്ത്യ. നസീം ഷായും ഷഹീന്‍ അഫ്രീദിയും മുഹമ്മദ് ആമിറിന്റെയും മുന്നിൽ പിടിച്ചു നില്‍ക്കാനാവാതെ ഇന്ത്യന്‍ ബാറ്റര്‍മാർ വലഞ്ഞപ്പോൾ വിജയ മോഹം ഇന്ത്യൻ ആരാധകർ കൈവിട്ടിരുന്നു. എന്നാൽ ജസ്പ്രിത് ബുംറയുടെ നേതൃത്വത്തിൽ പാക് ക്യാംപിലേക്ക് അതേ നാണയത്തിൽ ബൗളർമാർ തിരിച്ചടിച്ചതോടെ ജയം ഇന്ത്യക്കൊപ്പം നിന്നു. 120 റൺസെന്ന കുഞ്ഞൻ സ്കോർ പിന്തുടർന്ന പാകിസ്താനെ ഇന്ത്യ 20 ഒാവറിൽ 113 റൺസിൽ ചുരുട്ടികെട്ടി.
നാല് ഓവറില്‍ വെറും 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് ജസ്പ്രിത് ബുംറ വീഴ്ത്തിയത്. ഹര്‍ദിക് പണ്ഡ്യ രണ്ടും അര്‍ഷ്ദീപ് സിങ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
44 പന്തില്‍ 31 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍. ബാബര്‍ അസം (10 പന്തില്‍ 13), ഉസ്മാന്‍ ഖാന്‍ (15 പന്തില്‍ 13) ഫഖര്‍ സമാന്‍ (8 പന്തില്‍ 13, ഇമാദ് വസീം (25 പന്തിൽ 13), ശദാബ് ഖാൻ (7 പന്തിൽ 4) ഇഫ്തിഖാർ അഹമ്മദ് (9 പന്തിൽ 5) എന്നിങ്ങനെയാണ് പാക് ബാറ്റര്‍മാരുടെ പ്രകടനം.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. 31 പന്തില്‍ 42 റണ്‍സ് നേടിയ റിഷഭ് പന്താണ് ഇന്ത്യൻ ടോപ് സ്കോറർ. മൂന്ന് പന്തില്‍ നാലു റണ്‍സ് നേടിയ കോഹ്ലിയെ ഇന്ത്യക്ക് തുടക്കത്തിലേ നഷ്ടമായി. നസീം ഷായുടെ പന്തില്‍ ഉസ്മാന്‍ ഖാന് ക്യാച്ച് നല്‍കിയായിരുന്നു കോഹ്ലി മടങ്ങിയത്. അധികം വൈകാതെ രോഹിതും മടങ്ങി. 12 പന്തില്‍ 13 റണ്‍സ് നേടിയ രോഹിതിനെ ഷഹീന്‍ അഫ്രീദി ഹാരിസ് റഊഫിൻ്റെ കൈകളിലെത്തിച്ചു. അക്സര്‍ പട്ടേല്‍ ( 18 പന്തില്‍ 20) സൂര്യകുമാര്‍ യാദവ് (എട്ടു പന്തില്‍ ഏഴ്), ശിവം ദുബെ (ഒന്‍പത് പന്തില്‍ മൂന്ന്). ഹർദിക് പാണ്ഡ്യ (12 പന്തിൽ 7), രവീന്ദ്ര ജഡേജ (0), അര്‍ഷ്ദീപ് സിങ്(9), മുഹമ്മദ് സിറാജ് (7)*, ജസ്പ്രിത് ബുംറ (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.
പാകിസ്താനായി നസീം ഷാ 4 ഒാവറിൽ 21 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ഹാരിസ് റഊഫും മൂന്ന് വിക്കറ്റ് വീഴ്ത്തി.