ഐ ലീഗിൽ ശ്രീനിധി ഡക്കാന് തോൽവി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഡൽഹി എഫ്.സിയാണ് ശ്രീനിധിയെ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോൽവി. 71ാം മിനുട്ടിൽ സ്റ്റീഫൻ ബിനോങ്ങായിരുന്നു ഡൽഹിക്കായി വിജയ ഗോൾ നേടിയത്. നാലു മത്സരത്തിൽ രണ്ട് ജയവും രണ്ട് തോൽവിയും നേരിട്ട ശ്രീനിധി ഇപ്പോൾ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.
ഇത്രയും മത്സരത്തിൽനിന്ന് നാലു പോയിന്റുള്ള ഡൽഹി 10ാം സ്ഥാനത്തുമുണ്ട്. ഇന്നലെ നടന്ന മറ്റൊരു മത്സരം സമനിലയിൽ കലാശിച്ചു. ഇന്റർ കാശിയും റിയൽ കശ്മീരും തമ്മിൽ നടന്ന മത്സരം 1-1 എന്ന സ്‌കോറിനായിരുന്നു അവസാനിച്ചത്. എട്ടാം മിനുട്ടിൽ രാംസാഗയുടെ ഗോളിൽ റിയൽ കശ്മീരായിരുന്നു മുന്നിലെത്തിയത്. ഒരു ഗോൾ നേടിയതോടെ മത്സരത്തിന്റെ നിയതന്ത്രണം
ഏറ്റെടുത്ത കശ്മീർ തുടരെ ഇന്റർ കാശിയുടെ പോസ്റ്റിലേക്ക് അക്രമം നടത്തിക്കൊണ്ടിരുന്നുവെങ്കിലും ആദ്യ പകുതിയിൽ പിന്നീട് ഗോളൊന്നും പിറന്നില്ല. ഇതോടെ ആദ്യ പകുതിയിൽ കശ്മീർ ഒരുഗോളിന്റെ ലീഡുമായി മത്സരം അവസാനിപ്പിച്ചു. രണ്ടാം പകുതിക്ക് ശേഷമായിരുന്നു ഇന്റർ കാശിയുടെ സമനില ഗോൾ വന്നത്. 69ാം മിനുട്ടിൽ ഡോമി ബെർലാംഗയായിരുന്നു സമനില ഗോൾ നേടിയത്.