യൂറോ കപ്പ്
യൂറോ കപ്പിൽ ഗ്രൂപ്പ് എഫിലെ മത്സരത്തിൽ ചെക്ക്‌റിപ്പബ്ലിക്കിനെ വരച്ച വരയിൽ നിർത്തി ജോർജിയ. ഇന്ന് ആദ്യം നടന്ന ജോർജിയ-ചെക്ക് റിപ്പബ്ലിക് മത്സരം 1-1 എന്ന സ്‌കോറിനായിരുന്നു അവസാനിച്ചത്. ഇരു ടീമുകൾക്കും ജയം അനിവാര്യമായതിനാൽ ശ്രദ്ധയോടെയായിരുന്നു രണ്ട് ടീമും തുടങ്ങിയത്. മത്സരത്തിൽ 62 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ചത് ചെക്ക് റിപ്പബ്ലിക്കായിരുന്നെങ്കിലും ആദ്യം ഗോൾ നേടിയത് ജോർജിയയായിരുന്നു.
ആദ്യ പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജോർജസ് മിൽകട്‌സയായിരുന്നു ജോർജിയക്ക് ലീഡ് സമ്മാനിച്ചത്. ഇതോടെ ആദ്യ പകുതിയിൽ ചെക്ക് ഒരു ഗോളിന് പിറകിലായി. എന്നാൽ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചെത്തിയ ചെക്ക് ഉടൻ ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവന്നു.
ശക്തമായ നീക്കത്തിനൊടുവിൽ പാട്രിക് ഷിക്കായിരുന്നു ചെക്കിന്റെ സമനില ഗോൾ നേടിയത്. സമനില ഭേദിക്കാനായി ഇരു ടീമുകളും പിന്നീട് കൗണ്ടർ അറ്റാക്കുകളുമായി കളംനിറഞ്ഞ് കളിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. മത്സരത്തിൽ മേധാവിത്തം പുലർത്തിയ ചെക്ക് 27 ഷോട്ടുകളായിരുന്നു ജോർജിയയുടെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്.
അതിൽ 12 എണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു. 38 ശതമാനം പന്ത് കൈവശംവെച്ച് കളിച്ച ജോർജിയ അഞ്ചു ഷോട്ട് മാത്രമാണ് പോസ്റ്റിലേക്ക് അടിച്ചത്. രണ്ട് മത്സരത്തിൽനിന്ന് ഒരു പോയിന്റുള്ള ചെക്ക് പട്ടികയിൽ മൂന്നാം സ്ഥാനത്തും ഇതേ പോയിന്റുള്ള ജോർജിയ നാലാം സ്ഥാനത്തുമാണുള്ളത്. 27ന് പോർച്ചുഗലിനെതിരേയാണ് ജോർജിയയുടെ അടുത്ത മത്സരം. അതേ ദിവസം ചെക്ക് തുർക്കിയെയും നേരിടും.