ടി20 ലോകകപ്പിലെ സൂപ്പർ 8 മത്സരത്തിൽ ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് 50 റൺസ് ജയം. ജയിച്ചതോടെ ഇന്ത്യ സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു.
32 പന്തിൽ 40 റൺസെടുത്ത നജ്മുൽ ഹുസൈൻ ഷിന്റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. ഹർദിക് പാണ്ഡ്യയുടെ മികച്ച ഇന്നിങ്‌സാണ് ഇന്ത്യക്ക് മെച്ചപ്പെട്ട സ്‌കോർ സമ്മാനിച്ചത്. 27 പന്തിൽ മൂന്ന് സിക്‌സറും നാലു ഫോറും ഉൾപ്പെടെ 50 റൺസെടുത്ത പാണ്ഡ്യ ഔട്ടാകാതെ നിന്നു. ഓപണറായി എത്തിയ ക്യാപ്റ്റൻ രോഹിത് ശർമ 11 പന്തിൽ 23 റൺസാണ് കണ്ടെത്തിയത്.
കൂട്ടിനുണ്ടായിരുന്ന വിരാട് കോഹ്‌ലിയും മോശമല്ലാത്ത സ്‌കോർ നേടി. 28 പന്തിൽ 37 റൺസായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം. പിന്നീടെത്തിയ ഋഷഭ് പന്തും മികച്ച ബാറ്റിങ് പുറത്തെടുത്തു. 24 പന്തിൽ 36 റൺസ് സ്‌കോർ ബോർഡിലേക്ക് സംഭാവന ചെയ്താണ് പന്ത് മടങ്ങിയത്. റാഷിദ് ഹുസൈനായിരുന്നു പന്തിനെ പുറത്താക്കിയത്.
വമ്പനടികൾ പ്രതീക്ഷിച്ചെത്തിയ സൂര്യകുമാറിന് കൂടുതൽ സമയം ക്രീസിൽ നിൽക്കാനായില്ല. രണ്ട് പന്തിൽ ആറു റൺസെടുത്ത സൂര്യ വന്ന ഉടനെ മടങ്ങി. പിന്നീട് ശിവം ദുബെയും ഹർദിക് പാണ്ഡ്യയും ചേർന്നാണ് സ്‌കോർ ചലിപ്പിച്ചത്. 24 പന്തിൽനിന്ന് 34 റൺസാണ് ദുബെ നേടിയത്. റിഷാദ് ഹുസൈന്റെ പന്തിൽ ബൗൾഡായിട്ടായിരുന്നു ദുബെ കൂടാരം കയറിയത്.
അഞ്ചു പന്തിൽനിന്ന് മൂന്ന് റൺസെടുത്ത അക്‌സർ പട്ടേൽ ഔട്ടാകാതെ നിന്നു. മറുപടിക്കിറങ്ങിയ ബംഗ്ല കടുവകൾക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. സ്‌കോർ 35 ൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. 13 റൺസുമായി ലിറ്റൺ ദാസിനെയായിരുന്നു ബംഗ്ലാദേശിന് നഷ്ടമായത്. പിന്നീട് 10ാം ഓവറിലായിരുന്നു വിക്കറ്റ് വീണത്. 31 പന്തിൽ 29 റൺസെടത്ത തസ്‌നീം ഹസനെയാണ് രണ്ടാമതായി ബംഗ്ലാദേശിന് നഷ്ടമായത്.