ഇന്ത്യക്ക് പുതിയ പരിശീലകൻ
ഇന്ത്യൻ ക്രിക്കറ്റ് ലോകം പ്രതീക്ഷയോടെ കാത്തിരുന്ന രാഹുൽ ദ്രാവിഡിന്റെ പകരക്കാരനെ കഴിഞ്ഞദിവസം ബി.സി.സി.ഐ സെക്രട്ടറി ജയ്ഷാ പ്രഖ്യാപിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ആരാധകവൃന്ദം ഒരുപോലെ ആഗ്രഹിച്ച അയാൾ തന്നെ ദ്രാവിഡിന് പിൻഗാമിയായി എത്തുകയാണ്.ഇന്ത്യയുടെ മുൻ ലെഫ്റ്റ് ഹാൻഡർ ബാറ്റർ ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലക കുപ്പായം അണിയുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ലോകം വൻ പ്രതീക്ഷകളാണ് ആ മനുഷ്യനുമേൽ പുലർത്തുന്നത്.
കഴിഞ്ഞ കുറച്ചു കാലങ്ങളായി കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടു കൊണ്ടിരുന്ന ഐ.സി.സി കിരീടങ്ങൾ നേടുകയെന്ന സ്വപ്നസാക്ഷാത്കാരത്തിലേക്ക് ഇന്ത്യൻ പുരുഷ ക്രിക്കറ്റിനെ നയിക്കാനാണ് ഗംഭീർ എത്തുന്നത്. 2007ലെ ആദ്യ ട്വി20 വേൾഡ് കപ്പിലും, 2011 ലെ ഐ.സി.സി ഏകദിന വേൾഡ് കപ്പിലും ഇന്ത്യൻ കിരീടധാരണത്തിൽ ഗംഭീറിന്റെ ഗംഭീരമായ ബാറ്റിംഗ് മികവ് പ്രധാന ഘടകമായിരുന്നു.
കളി കളത്തിനുള്ളിൽ വിജയത്തിൽ കുറവൊന്നും നേടാൻ ആഗ്രഹിക്കാത്ത കളിക്കാരൻ ഇന്ത്യൻ പരിശീലക കുപ്പായമണിയുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമും വിജയങ്ങളിൽ കുറവൊന്നും ആഗ്രഹിക്കില്ല.ഇന്ന് ലോകത്തിലെ ഏറ്റവും കരുത്തുറ്റ ശക്തിയായി നിലകൊള്ളുന്ന ഇന്ത്യൻ ടീമിലേക്ക് ഗംഭീർ കൂടിയെത്തുമ്പോൾ ടീം വളരെ ആത്മവിശ്വാസത്തോടെ വരുന്ന മത്സരങ്ങൾക്ക് തയ്യാറാവുകയാണ്.
കഴിഞ്ഞ ഐ.പി.എൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായി ചുമതലയേറ്റ ഗംഭീർ കുറച്ച് സീസണുകളായി തളർന്നു കിടന്നിരുന്ന കൊൽക്കത്തയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് തന്നെയാണ് അദ്ദേഹത്തെ ഇന്ത്യൻ പരിശീലകസ്ഥാനത്തേക്ക് എത്തിച്ചത്.
2027 ഡിസംബർ 31 വരെയുള്ള കരാറിലേക്ക് ഗംഭീർ ഇന്ത്യൻ പരിശീലക കുപ്പായ മണിയുമ്പോൾ ഈ മാസം അവസാനം ആരംഭിക്കുന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനമാണ് ഗംഭീറിന് മുന്നിലുള്ള ആദ്യ ദൗത്യം. ശ്രീലങ്കയുമായുള്ള ടി20 പരമ്പരയിലൂടെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്ന ഗംഭീറിനെ കാത്തിരിക്കുന്ന വെല്ലുവിളികളാണ് 2025ലെ ചാമ്പ്യൻസ് ട്രോഫിയും, 2027 ലെ ഏകദിന ലോകകപ്പും.
ഇവ നേടുക തന്നെയാണ് ഗംഭീറിന്റെയും, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും ലക്ഷ്യം. കിരീടം നേട്ടത്തിൽ കുറവൊന്നും ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ തൃപ്തരാക്കില്ലെന്ന് ഗംഭീറിനും കൃത്യമായി അറിയാം. അതിനാൽ തന്നെ കീരിട നേട്ടത്തിനായി ശക്തമായ ഒരു ടീമിനെ ഒരുക്കുകയായിരിക്കും ഗംഭീന്റിന്റെ ആദ്യ ലക്ഷ്യം. ഇന്ത്യൻ ടീമിനെ പരാതിയില്ലാതെ പിരശീലിപ്പിച്ചിരുന്ന രാഹുൽ ദ്രാവിഡ് പകരക്കാരനാകുമോ ഗംഭീർ എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.