കോപ അമേരിക്കയില്‍ അര്‍ജന്റീനയെ ഫൈനലിലെത്തിച്ചതിന് പിന്നാലെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി ലയണല്‍ മെസി. കാനഡക്കെതിരേ 51ാം മിനുട്ടിലായിരുന്നു മെസിയുടെ ഗോള്‍. അന്താരാഷ്ട്ര ഫുട്‌ബോളില്‍ താരത്തിന്റെ 109ാം ഗോളായിരുന്നു ഇത്. 108 ഗോളുകള്‍ നേടിയ ഇറാനിയന്‍ ഇതിഹാസം അലി ദേയിയെ മറികടന്ന് അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒറ്റക്ക് രണ്ടാമതെത്താന്‍ താരത്തിനായി. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ പട്ടികയില്‍ മെസി നേരത്തെ ഒന്നാമതെത്തിയിരുന്നു.
130 ഗോളുമായി ക്രിസ്റ്റിയാനോയാണ് അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോള്‍സ്‌കോറര്‍മാരുടെ പട്ടികയില്‍ ഒന്നാമതുള്ളത്. ഇന്ത്യക്കായി 94 ഗോളുകള്‍ നേടിയിട്ടുള്ള സുനില്‍ ഛേത്രിയാണ് ഈ പട്ടികയില്‍ നാലാമതുള്ളത്. 89 ഗോളോടെ മലേഷ്യയുടെ മുഖ്താര്‍ ദഹരിയാണ് അഞ്ചാമത്.
30ാം ഫൈനല്‍- ലക്ഷ്യം 16ാം കിരീടം, കോപയില്‍ അര്‍ജന്റീനയെ വെല്ലാന്‍ ആരുണ്ട് ?
മറ്റൊരു കോപ അമേരിക്ക കിരീടം കൂടി അര്‍ജന്റീനയുടെ കൈയകലെ. തുടര്‍ച്ചയായ രണ്ടാം കോപ കിരീടമെന്ന മോഹം സഫലമാക്കാന്‍ ഒരു മത്സരം മാത്രം അകലെയാണ് മെസിപ്പട. ഇന്ന് നടന്ന സെമിഫൈനലില്‍ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തായിരുന്നു സ്‌കലോണിയും സംഘവും തങ്ങളുടെ 30ാം കോപ അമേരിക്ക കലാശപ്പോരിന് യോഗ്യത നേടിയത്. കോപയില്‍ ഇത്രയും ഫൈനല്‍ കളിച്ച മറ്റൊരു ടീമില്ല. വമ്പന്മാരായ ബ്രസീലും ഉറുഗ്വെയും 21 വീതം ഫൈനലുകളാണ് ഇതുവരെ കളിച്ചത്. കോപയില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയതും അര്‍ജന്റീന തന്നെയാണ്. 15 തവണയാണ് അവര്‍ ഇതുവരെ അമേരിക്കന്‍ ചാംപ്യന്മാരായത്. 15 തവണ ചാംപ്യന്മാരായ ഉറുഗ്വെയും കിരീട നേട്ടത്തില്‍ അര്‍ജന്റീനക്കൊപ്പമുണ്ട്. കിരീട നേട്ടം 16ലെത്തിച്ച് ഒറ്റക്ക് മുന്നിലെത്താമെന്ന ലക്ഷ്യവുമായാകും മെസിപ്പട ഞായറാഴ്ച 30ാം ഫൈനലിനിറങ്ങുന്നത്. നാളെ രാവിലെ നടക്കുന്ന ഉറുഗ്വെ – കൊളംബിയ സെമിയിലെ ജേതാക്കളെയാണ് അവര്‍ ഫൈനലില്‍ നേരിടുക.
ഗോള്‍ വഴിയില്‍ തിരിച്ചെത്തി ലയണല്‍ മെസി താരമായ മത്സരത്തില്‍ കാനഡ മോഹങ്ങള്‍ അടിച്ചൊതുക്കിയാണ് അര്‍ജന്റീന ഫൈനല്‍ ടിക്കറ്റെടുത്തത്. ജൂലിയന്‍ അല്‍വാരസാണ് ശേഷിച്ച ഗോള്‍ നേടിയത്. മുന്നേറ്റ നിരയില്‍ ലയണല്‍ മെസിയെയും ജൂലിയന്‍ അല്‍വാരസിനെയും മുന്‍നിരയില്‍ നിര്‍ത്തിയാണ് സ്‌കലോണി ടീമിനെ കളത്തിലിറക്കിയത്.
22ാം മിനുട്ടില്‍ അല്‍വാരസിലൂടെയായിരുന്നു അര്‍ജന്റീന ആദ്യം ലീഡെടുത്തത്. തുടര്‍ന്ന് ഈ ലീഡോടെ അവര്‍ ആദ്യ പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയുട തുടക്കത്തില്‍ തന്നെ മെസിയും ഗോള്‍ നേടിയതോടെ അര്‍ജന്റീന ലീഡ് ഇരട്ടിപ്പിച്ചു. 51ാം മിനുട്ടിലായിരുന്നു അര്‍ജന്റീനന്‍ നായകന്‍ വലകുലുക്കിയത്. ഗോള്‍ നേട്ടത്തോടെ ഇന്റര്‍ നാഷനല്‍ ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ രണ്ടാമതെത്താനും മെസിക്കായി.